കല വന്നാലും കൊലയില്ലാതെ കണ്ണൂരില്ല; ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു,കണ്ണൂര്‍ ജില്ലയില്‍ ഇന്ന് ഹര്‍ത്താല്‍

single-img
19 January 2017

 

കണ്ണൂര്‍;കണ്ണൂരില്‍ തലശേരി ധര്‍മ്മടത്തിന് സമീപം ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. സിപിഐഎം പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന് ആരോപിച്ച് ബിജെപി ഇന്ന് കണ്ണൂര്‍ ജില്ലയില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മുല്ലപ്രം ചോമന്റവിട എഴുത്തന്‍ സന്തോഷ്(52) വെട്ടേറ്റ് മരിച്ചത്.കൊലപാതകത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന ഹര്‍ത്താലില്‍ നിന്നും സംസ്ഥാന സ്‌കൂള്‍ കലോത്സവത്തെ ഒഴിവാക്കിയിട്ടുണ്ടെന്നാണ് ബിജെപി അറിയിച്ചിരിക്കുന്നത്
ഒരുസംഘം ആളുകളാണ് ആക്രമണം നടത്തിയത്. ഈ സമയം സന്തോഷ് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.ഭാര്യ ബേബിയും മക്കളും ബേബിയുടെ വീട്ടിലായിരുന്നു. വെട്ടേറ്റ വിവരം സന്തോഷ് തന്നെയാണ് സുഹൃത്തുക്കളെ വിളിച്ചറിയിച്ചത്. ഇതിനെ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ പൊലീസും സുഹൃത്തുക്കളും ചേര്‍ന്ന് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സന്തോഷ് ആര്‍എസ്എസ് അണ്ടലൂര്‍ ശാഖാ മുന്‍ മുഖ്യശിക്ഷക് ആയിരുന്നു. നിലവില്‍ ബിജെപിയുടെ ബൂത്ത് പ്രസിഡന്റാണ്.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ധര്‍മ്മടത്ത് ആറാംവാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥിയും സന്തോഷായിരുന്നു.സന്തോഷിനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയത് സിപിഐഎം പ്രവര്‍ത്തകരാണെന്നാണ് ബിജെപിയുടെ ആരോപണം. അതെസമയം സംഭവവുമായി ബന്ധമില്ലെന്ന് സിപിഐഎം പിണറായി ഏരിയ കമ്മിറ്റി അറിയിച്ചു. തലശേരി ബ്രണ്ണന്‍ കോളെജില്‍ വിവേകാനന്ദജയന്തി ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ-എബിവിപി സംഘര്‍ഷം നടന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം.തളിപ്പറമ്പിലെ ആര്‍എസ്എസ് കാര്യലയത്തിന് നേരെ ബോംബേറും ഉണ്ടായിട്ടുണ്ട്