സോളാര്‍ കേസ് ; ഉമ്മന്‍ചാണ്ടിക്കെതിരായ ഹര്‍ജി കോടതി തള്ളി

single-img
19 January 2017

 

തിരുവനന്തപുരം : കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിനെ ഏറെ രാഷ്ട്രീയ വിവാദങ്ങളിലാക്കിയ കേസായിരുന്നു സോളാര്‍. സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം വിജിലന്‍സ് പ്രത്യേക കോടതിയാണ് ഹര്‍ജി തള്ളിയത്. ഹൈക്കോടതി തീര്‍പ്പാക്കിയ വിഷയത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.

സോളാര്‍ കമ്മീഷന് മുമ്പാകെ, സരിത എസ് നായര്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം വേണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം. പൊതുപ്രവര്‍ത്തകനായ പായ്ച്ചിറ നവാസ് എന്നയാളാണ് ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്. ഉമ്മന്‍ചാണ്ടിക്ക് പുറമെ മുന്‍മന്ത്രി ആര്യാടന്‍ മുഹമ്മദ്, ഇരുവരുടെയും പേഴ്സണല്‍ സ്റ്റാഫംഗങ്ങള്‍, സരിത എസ് നായര്‍, ബിജു രാധാകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയും അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

വിജിലന്‍സിന്റെ നിലപാടും കോടതി ആരാഞ്ഞിരുന്നു. വിജിലന്‍സ് അഭിഭാഷകനാണ് കേസ് തൃശൂര്‍ കോടതിയും ഹൈക്കോടതിയും തള്ളിയ കാര്യം കോടതിയെ ഓര്‍മിപ്പിച്ചത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഹര്‍ജി തള്ളിയത്. സമാനമായ കേസ് ഹൈക്കോടതിയുടെയും സോളാര്‍ കമ്മീഷന്റെയും പരിഗണനയിലുണ്ടെന്നും അതിനാല്‍ ഇടപെടാന്‍ സാധിക്കില്ലെന്നും വിജിലന്‍സ് കോടതി വ്യക്തമാക്കി. സമാന സ്വഭാവമുളള കേസ് തൃശൂര്‍ വിജിലന്‍സ് കോടതി പരിഗണിക്കുകയും പിന്നീട് ഹൈക്കോടതി തള്ളുകയും ചെയ്തിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കേസ് പരിഗണിച്ച കോടതി വിധി പ്രസ്താവിക്കുന്നത് ഇന്നത്തേയ്ക്ക് മാറ്റുകയായിരുന്നു