ഉത്തര്‍പ്രദേശില്‍ അതിശൈത്യം കാരണം സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് 25 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, 40 ലധികം കുട്ടികള്‍ക്ക് പരുക്കേറ്റു

single-img
19 January 2017

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ട് സ്വകാര്യ സ്‌കൂളിലെ 25 വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. 40 ലധികം കുട്ടികള്‍ക്ക് പരുക്കേറ്റു. ഇവരില്‍ പലരുടേയും നില ഗുരുതരമാണ്. ട്രെക്കിന്റെ അമിതവേഗമാണ് അപകട കാരണം. ഇറ്റ ജില്ലയില്‍ ഇന്ന് രാവിലെ അപകടമുണ്ടായത്. ഏഴിനും പത്തിനും ഇടയില്‍ പ്രായമുള്ള വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍പെട്ടത്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യതത്.

അലിഗഡില്‍ വെച്ച് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂള്‍ ബസ് അമിത വേഗതയില്‍ വരികയായിരുന്ന ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. എട്ട് വിദ്യാര്‍ത്ഥികള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ളവര്‍ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. കനത്ത മൂടല്‍മഞ്ഞാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

അതിശൈത്യം കാരണം സ്‌കൂളുകള്‍ തുറക്കരുതെന്ന നിര്‍ദേശം നേരത്തെ ജില്ലാ ഭരണകൂടം നല്‍കിയിരുന്നതാണെന്ന് യുപി ഡിജിപി ജാവേദ് അഹ്മദ് പറഞ്ഞു. വാഹനത്തില്‍ കുടുങ്ങി കിടക്കുന്ന കുട്ടികളെ രക്ഷിക്കാനാണ് മുഖ്യപരിഗണന. അപകടത്തിന് കാരണക്കാരായാവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപകട സ്ഥലത്തെ ദൃശ്യങ്ങള്‍ അപകടം നടന്ന് നിമിഷങ്ങള്‍ക്കകം സ്ഥലത്തെത്തിയ രക്ഷാസേന വിദ്യാര്‍ത്ഥികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പരുക്കേറ്റ വിദ്യാര്‍ത്ഥികളെ അലിഗഡിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ബസില്‍ അകപ്പെട്ട വിദ്യാര്‍ത്ഥികളെയെല്ലാം രക്ഷപെടുത്തിയതായി പൊലീസ് അറിയിച്ചു.

അപകടത്തില്‍ അതീവ ദുഖമുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രതികരിച്ചു. മരിച്ച കുട്ടികളുടെ കുടുബാംഗങ്ങളുടെ വേദനക്കൊപ്പം നില്‍ക്കുന്നു. പരുക്കേറ്റ കുട്ടികള്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നുവെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ പറഞ്ഞു. കുട്ടികളുടെ ദാരുണമരണത്തില്‍ ദുഖമറിയിച്ച് മുഖ്യമന്ത്രി അഖിലേഷ് യാദവും രംഗത്തെത്തി. സംഭവസ്ഥലത്ത് പോയി ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാന്‍ ജില്ലാ അധികൃതരോട് നിര്‍ദേശിച്ചതായും അഖിലേഷ് കൂട്ടിചേര്‍ത്തു.