ജെല്ലിക്കെട്ട് ; തമിഴ്നാട്ടില്‍ പ്രക്ഷേഭം തുടരുന്നു, മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വം ഇന്ന് പ്രധാനമന്ത്രിയെ കാണും

single-img
19 January 2017
ചെന്നൈ: തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിന് വേണ്ടിയുള്ള പ്രതിഷേധങ്ങള്‍ ശക്തമാകുന്ന സാഹര്യത്തില്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും എംപിമാരും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. പ്രക്ഷോഭം അവസാനിപ്പിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് പനീര്‍ശെല്‍വം പ്രധാനമന്ത്രിയോട് ആവശ്യപ്പെടും. പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയും സംഘവും രാഷ്ട്രപതിയെയും കണ്ടേക്കും.
ജെല്ലിക്കെട്ട് നിരോധനത്തിനെതിരെ തമിഴ്നാട്ടില്‍ പ്രക്ഷോഭം ശക്തമാവുകയാണ്. ചെന്നൈ മറീന ബീച്ചില്‍ ജെല്ലിക്കെട്ട് അനുകൂലികള്‍ സംഘടിപ്പിച്ച പ്രതിഷേധം തുടരുകയാണ്. ഇന്നലെ പ്രതിഷേധത്തില്‍ നാലായിരത്തിലേറെ പേര്‍ പങ്കെടുത്തു. പ്രതിഷേധത്തില്‍ നിരവധി വിദ്യാര്‍ത്ഥികളും പങ്കെടുത്തിരുന്നു. പ്രക്ഷോഭത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ കോളേജുകള്‍ക്ക് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
പൊങ്കല്‍ ആഘോഷങ്ങളുടെ ഭാഗമായി ജെല്ലിക്കെട്ട് നിരോധനം ഒഴിവാക്കണമെന്ന് ഹര്‍ജി തളിളിയതോടെയാണ് തമിഴ്നാട്ടില്‍ പ്രതിഷേധങ്ങള്‍ക്ക് തുടക്കമായത്.ഇത് സംബന്ധിച്ച കേസ് സുപ്രീംകോടതിയുടെ പരിഗണനയിലാണ്. അതിനാല്‍ കേന്ദ്രസര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് പുറത്തിറക്കുക മാത്രമേ പോം വഴിയുള്ളൂ. ഇതിനായുള്ള സമ്മര്‍ദ്ദത്തിലാണ് പനീര്‍ശെല്‍വവും എഐഎഡിഎംകെയും. ജെല്ലിക്കെട്ടിന് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം ഭേദഗതി ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന് പനീര്‍ശെല്‍വം നരേന്ദ്രമോദിയോട് ആവശ്യപ്പെടും.
തമിഴ് ജനതയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ് ജെല്ലിക്കെട്ടെന്നും, അതിന് സുപ്രീംകോടതി ഏര്‍പ്പെടുത്തിയിട്ടുള്ള നിരോധനം ഉടന്‍ നീക്കണമെന്നും, ജെല്ലിക്കെട്ടിനെതിരായ പ്രക്ഷോഭത്തില്‍ അറസ്റ്റിലായവരെ മോചിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു.