സമാജ്‌വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകി, ഒത്തുതീര്‍പ്പിലേക്ക്; സ്ഥാനാര്‍ഥി പട്ടികയില്‍ നിര്‍ദേശങ്ങളുമായി മുലായം

single-img
18 January 2017

 


ന്യൂഡല്‍ഹി:സമാജ്‌വാദി പാര്‍ട്ടിയില്‍ ഒത്തു തീര്‍പ്പിന് സാധ്യത. ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഉറപ്പായും സീറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുലായം 38 പേരടങ്ങിയ പട്ടിക അഖിലേഷിനു കൈമാറി.എന്നാല്‍ ഈ 38 പേരുടെ സ്ഥാനാര്‍ത്ഥി പട്ടിക പരിഗണിച്ച ശേഷം മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെ പുതിയ പട്ടിക പുറത്തിറക്കുമെന്ന് അഖിലേഷ് യാദവ് പറഞ്ഞു.

അഖിലേഷ് സംസ്ഥാന അധ്യക്ഷ പദവിയില്‍നിന്ന് ഒഴിവാക്കിയ, മുലായത്തിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവിന്റെ പേര് പട്ടികയിലില്ല. എന്നാല്‍ അഖിലേഷ് പുറത്താക്കിയ മന്ത്രിമാരായ നാരദ് റായ്, ഒ.പി. സിങ് എന്നിവരും ശിവ്പാല്‍ യാദവിന്റെ മകന്‍ ആദിത്യ യാദവും പട്ടികയിലിടം നേടി.അതേസമയം, കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.തിരഞ്ഞെടുപ്പ് കമ്മിഷന്‍ പാര്‍ട്ടി ചിഹ്നം സൈക്കിള്‍ അഖിലേഷ് യാദവിന് അനുവദിച്ചതോടെ സമാജ്വാദി പാര്‍ട്ടിയില്‍ പിതാവ് മുലായത്തിനെയും കൂടെ കൂട്ടാനുള്ള ശ്രമത്തിലാണ് അഖിലേഷ്.

കഴിഞ്ഞ ദിവസം മുലായം സിങ് അഖിലേഷ്‌ യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്നും സ്ഥാനാര്‍ഥി പട്ടികയില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളതെന്നും അഖിലേഷ് യാദവ് പറഞ്ഞിരുന്നു.നേരത്തെ അഖിലേഷും മുലായവും വെവ്വേറെ പട്ടിക പുറത്തിറക്കിയിരുന്നു. ഇരുവരുടെയും സ്ഥാനാര്‍ഥി പട്ടികയില്‍ ചെറിയ വ്യത്യാസം മാത്രമാണുള്ളതെന്നു അഖിലേഷ് പറഞ്ഞിരുന്നു.

അഖിലേഷിനെതിരെ മത്സരിക്കില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കില്ലെന്നും മുലായം സ്ഥിരീകരിച്ചു. മുലായത്തിന്റെ നിര്‍ദേശ പ്രകാരം ശിവ്പാല്‍ യാദവ് തിരഞ്ഞെടുപ്പ് പ്രചരണത്തില്‍നിന്നു മാറി നിന്നേക്കും.അതേസമയം, സഖ്യത്തിലുള്ള കോണ്‍ഗ്രസുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലെത്തി. തിരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പണം തുടങ്ങിയതിനാല്‍ സഖ്യ സാധ്യതകളും സീറ്റ് വിഭജനവും ഉടന്‍ പ്രഖ്യാപിക്കും