150 പേർ മരിച്ച കാണ്‍പൂര്‍ ട്രെയിന്‍ അപകടത്തിനു പിന്നിൽ പാക് ചാരസംഘടന;ബീഹാര്‍ പൊലീസിന്റേതാണ് കണ്ടെത്തല്‍

single-img
18 January 2017

 

 

യു.പി: കാണ്‍പൂരില്‍ 150 പേര്‍ കൊല്ലപ്പെട്ട ട്രെയിനപകടം ഭീകരാക്രമണമെന്ന് സൂചന. ബീഹാര്‍ പൊലീസിന്റേതാണ് കണ്ടെത്തല്‍. ആക്രമണത്തിന് പിന്നില്‍ ഐ.എസ്.ഐ ആണെന്നും നേപ്പാള്‍ വഴിയാണ് സ്‌ഫോടനം നടത്താന്‍ പണം ലഭിച്ചതെന്നുമാണ് വെളിപ്പെടുത്തല്‍.

സംശയത്തെത്തുടര്‍ന്ന് പിടിയിലായവരില്‍ ചിലര്‍ പാകിസ്താന്റെ പങ്കിനെക്കുറിച്ച് സൂചന നല്‍കിയിരുന്നെന്ന് പൊലീസ് പറയുന്നു. റെയില്‍ പാളത്തില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച പ്രഷര്‍കുക്കര്‍ വെക്കുകയാണുണ്ടായതെന്ന് അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ പറഞ്ഞതായി ഭീകരവിരുദ്ധ സ്‌ക്വാഡിലെ അംഗം പറഞ്ഞു. പണത്തിന് വേണ്ടിയാണ് ഇയാള്‍ സ്ഫോടകവസ്തുക്കള്‍ വെച്ചതെന്നാണ് മൊഴി. ഉത്തര്‍പ്രദേശിലെ തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, എന്‍.ഐ.എ എന്നിവയിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കും അറസ്റ്റിലായവരെ ചോദ്യം ചെയ്യേണ്ടതുണ്ട്. ഇവരെ വാടകക്കെടുത്തവരുടെ ആസ്ഥാനം നേപ്പാളാണെന്ന് കരുതുന്നു. നേപ്പാളിലുള്ളവരെ ദുബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവരാണ് നിയന്ത്രിക്കുന്നത്. ദുബൈയിലേക്ക് നിര്‍ദേശങ്ങള്‍ വരുന്നത് പാകിസ്താനില്‍ നിന്നാണെന്നാണ് പൊലീസ് വിശദീകരണം.

കാണ്‍പൂരില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ദെഹാത് ജില്ലയിലെ പൊഖ്‌റായനില്‍ വെച്ച് പട്‌ന-ഇന്‍ഡോര്‍ എക്‌സ്പ്രസിന്റെ 14 കോച്ചുകളാണ് പാളം തെറ്റിയത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയായിരുന്നു.പാളത്തിലെ വിള്ളലാണെന്നായിരുന്നു പ്രാഥമിക നിഗമനം.അപകടത്തില്‍ 150 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.