വിജിലന്‍സ് വകുപ്പിനു വേഗം പോരെന്ന കാനത്തിന്റെ വിമർശനത്തിനു മറുപടിയുമായി ജേക്കബ് തോമസ്;ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കും?

single-img
18 January 2017

തിരുവനന്തപുരം: വിജിലന്‍സ് വകുപ്പിനെതിരായ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ആവശ്യമുളളതിന്റെ പകുതി ഉദ്യോഗസ്ഥരുമായി എങ്ങനെ കേസ് അന്വേഷിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ ചോദിച്ചു. മുന്‍ സര്‍ക്കാരിന്റെ കാലത്തെ കേസുകളിലെ വിജിലന്‍സ് അന്വേഷണങ്ങള്‍ ഒച്ച് ഇഴയുന്നത് പോലെയാണ് നീങ്ങുന്നതെന്നാണ് കാനം ഇന്നലെ പറഞ്ഞത്.

നിലവില്‍ 90 സിഐമാരും 34 ഡിവൈഎസ്പിമാരുമാണ് വിജിലന്‍സിലുളളത്. 196 സിഐമാരെയും 68 ഡിവൈഎസ്പിമാരെയും ആവശ്യപ്പെട്ടിട്ട് മാസങ്ങളായി. കൂടുതല്‍ ഉദ്യോഗസ്ഥരെ അനുവദിച്ചാല്‍ മുഴുവന്‍ കേസും നിശ്ചിത സമയത്തിനകം അന്വേഷിക്കാന്‍ കഴിയുമെന്ന് ജേക്കബ് തോമസ് പറഞ്ഞു.

നിലവില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ വരെ വിജിലന്‍സ് ഇടപെടുന്ന സാഹചര്യത്തില്‍ എങ്ങനെ അന്വേഷണം വേഗത്തിലാകുമെന്നും അദ്ദേഹം ചോദിച്ചു. കൂടുതല്‍ ഉദ്യോഗസ്ഥരെ വൈകാതെ കിട്ടുമെന്നാണ് പ്രതീക്ഷ. ഒറ്റകേസും അന്വേഷിക്കാതെ പോകില്ലെന്നും അദ്ദേഹം പറഞ്ഞു.