സ്മാര്‍ട്ടായി കെഎസ്ആര്‍ടിസി; നാളെ മുതല്‍ സ്മാര്‍ട്ട് കാര്‍ഡ് പ്രാബല്യത്തില്‍; ബ്രോണ്‍സ് കാര്‍ഡിനു വില 1000 രൂപ

single-img
18 January 2017

 

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി സ്ഥിരയാത്രക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള യാത്രാ കാര്‍ഡുകള്‍ നാളെ മുതല്‍ പ്രാബല്യത്തില്‍. സ്മാര്‍ട്ട് കാര്‍ഡുകളായി വിവിധ തുകയ്ക്കുള്ള നാല് കാര്‍ഡുകളാണ് യാത്രക്കാര്‍ക്കായി കെ.എസ്.ആര്‍.ടിസി നല്‍കുന്നത്. ബ്രോണ്‍സ് കാര്‍ഡ്-1000 രൂപ, സില്‍വര്‍ കാര്‍ഡ്-1500 രൂപ, ഗോള്‍ഡ് കാര്‍ഡ്-3000 രൂപ, പ്രീമിയം കാര്‍ഡ്-5000 രൂപ എന്നിങ്ങനെയാണ് കാര്‍ഡുകള്‍ ലഭ്യമാകുക.

ഒരു മാസമാണ് കാര്‍ഡിന്റെ കാലാവധി. ബ്രോണ്‍സ് കാര്‍ഡുകള്‍ ജില്ലയ്ക്ക് ഉള്ളിലെ യാത്രയ്ക്ക് മാത്രമേ ഉപയോഗിക്കാനാകൂ. കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ കാഷ് കൗണ്ടറില്‍ നിന്നും കാര്‍ഡ് വാങ്ങാനാകും. എന്നാല്‍, കാര്‍ഡു വാങ്ങാനുള്ള തുക പണമായി തന്നെ നല്‍കേണ്ടതുണ്ട്.

യാത്രയ്ക്കിടെ കണ്ടക്ടര്‍ക്ക് യാത്രാ കാര്‍ഡിന്റെ നമ്പരും ഇറങ്ങേണ്ട സ്റ്റോപ്പിന്റെ ഫെയര്‍ സ്റ്റേജും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്തി തുക പിന്‍വലിക്കുകയുമാണ് ചെയ്യുക. കാര്‍ഡ് ഉപയോഗിച്ചുള്ള യാത്ര സംബന്ധിച്ച് കണ്ടക്ടര്‍മാര്‍ ചെയ്യേണ്ടത് എന്തെന്ന് കോര്‍പറേഷന്‍ വിശദമാക്കിയിട്ടുണ്ട്.

കാര്‍ഡ്, യാത്രാ വിവരങ്ങള്‍ ഇലക്ട്രോണിക് ടിക്കറ്റ് മെഷീനില്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ച വരുത്തിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും കണ്ടക്ടര്‍മാര്‍ക്ക് അറിയിപ്പ് നല്‍കിയിട്ടുണ്ട്. നോട്ട് ക്ഷാമം മറികടന്ന് കൂടുതല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിലേയ്ക്കായാണ് പ്രധാനമായും പദ്ധതിയുടെ ലക്ഷ്യം.