മുസഫര്‍നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി ബിജെപി നേതാവ് സംഗീത് സോമിന്റെ തിരഞ്ഞെടുപ്പ് വാഹനത്തില്‍ നിന്ന് പിടികൂടി

single-img
18 January 2017

 

മീററ്റ്: മീററ്റിലെ സര്‍ദാന പ്രദേശത്ത് വച്ച് ബിജെപി നേതാവും യു.പി നിയമസഭാംഗമായ സംഗീത് സോമിന്റെ തിരഞ്ഞെടുപ്പ് വാഹനത്തില്‍ നിന്ന് യു.പിയില്‍ മുസഫര്‍നഗര്‍ കലാപത്തിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ സിഡി പിടികൂടി. വാഹനം ഓടിച്ചിരുന്ന ഡ്രൈവര്‍ക്കെതിരെ കേസെടുത്തു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

2013 ല്‍ മുസഫര്‍നഗറിലെ കവാള്‍ ഗ്രാമത്തിലുണ്ടായ സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് സിഡിയിലുള്ളത്. കലാപത്തിന്റെ ദൃശ്യങ്ങള്‍ സംഗീത് സോമിന്റെ തിരഞ്ഞെടുപ്പ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കുന്നതായി പരാതി ലഭിച്ചത് അനുസരിച്ച് നടപടിയെടുക്കാന്‍ നിര്‍ദേശം നല്‍കിയതായി മീററ്റ് ജില്ലാ മജിസ്ട്രേറ്റ് ബി. ചന്ദ്രകല അറിയിച്ചു.

വിവരം കിട്ടിയ പോലീസ് സ്ഥലത്തെത്തി സിഡി പിടികൂടുകയായിരുന്നു. വാഹനത്തില്‍ സിഡി പ്രദര്‍ശിപ്പിക്കാനായി പ്രത്യേക സ്‌ക്രീനും തയാറാക്കിയിരുന്നു. എന്നാല്‍ സിഡിയില്‍ കലാപത്തിന്റെ ദൃശ്യങ്ങളൊന്നും ഇല്ലെന്ന് സംഗീത് സോം പ്രതികരിച്ചു.