ഗാന്ധിജിയെ ഒഴിവാക്കി ഇഎംഎസിന്റെ ചിത്രവുമായി നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ബ്രോഷർ;പരാതി ഉന്നയിച്ച് സുധീരൻ;പിഴവ് പരിശോധിക്കുമെന്ന് സ്പീക്കർ

single-img
18 January 2017

 

 

 

തിരുവനന്തപുരം : നിയമസഭാ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പുറത്തിറക്കിയ ബ്രോഷറില്‍ ഗാന്ധിജിയുടെയും മറ്റ് ദേശീയ നേതാക്കളുടെയും ചിത്രങ്ങള്‍ ഒഴിവാക്കിയതായി പരാതി. ഗാന്ധിജിയെയും അംബേദ്ക്കറെയും ഒഴിവാക്കുകയും പകരം ഇഎംഎസിന്റെ ചിത്രമാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നതെന്നും വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കുകയായിരുന്നു. ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടീസിന്റെ കവര്‍ പേജാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നുളള ഫോട്ടോയ്ക്ക് പകരം വളപ്പിന് പുറത്തെ ഇഎംഎസ് പ്രതിമ ശ്രദ്ധിക്കപ്പെടും വിധത്തിലുളള ഫോട്ടോയാണ് കവറില്‍ അച്ചടിച്ചിരിക്കുന്നതെന്നാണ് ആരോപണം. നിയമസഭാ മന്ദിരത്തിന്റെ മുന്നില്‍ നിന്നു ചിത്രമെടുത്താല്‍ ഗാന്ധിജിയുടെ കൂറ്റന്‍ പ്രതിമ ഒഴിവാകുമായിരുന്നില്ല.

ദേശീയ നേതാക്കളെ അവഗണിക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റേതിനു സമാനമായ നിലപാടാണ് സംസ്ഥാന സര്‍ക്കാരും സ്വീകരിക്കുന്നതെന്നും വി.എം.സുധീരന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സംഭവം വിശദമായി പരിശോധിക്കുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ദേശീയ നേതാക്കളെ സംസ്ഥാന സര്‍ക്കാര്‍ അവഗണിച്ചിട്ടില്ലെന്നും ബ്രോഷര്‍ തയ്യാറാക്കിയപ്പോള്‍ പറ്റിയ പിഴവാണ് ഇതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം തെറ്റു സമ്മതിച്ച സ്പീക്കറുടെ നടപടി സ്വാഗതാർഹമാണെന്നും ആവശ്യമായ തിരുത്തൽ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധീരൻ വ്യക്‌തമാക്കി.