നൈജീരിയയില്‍ ഭീകരവാദികളെന്നു കരുതി അഭയാര്‍ത്ഥി ക്യാമ്പിന് നേരെ സൈന്യം നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു

single-img
18 January 2017

 

റാന്‍ : നൈജീരിയയില്‍ ബൊക്കോഹറാം ഭീകരവാദികളെ ലക്ഷ്യമിട്ട് അഭയാര്‍ത്ഥി ക്യാമ്പിന് നേര്‍ക്ക് സൈന്യം നടത്തിയ ആക്രമണത്തില്‍ 52 പേര്‍ കൊല്ലപ്പെട്ടു. 200 ലേറെ പേര്‍ക്ക് പരിക്കേറ്റു. മരിച്ചവരില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തി വന്നിരുന്ന ആറ് റെഡ് ക്രോസ്സ് പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. ബോക്കോ ഹറാം തീവ്രവാദികളെ തുരത്തുന്നതിനായുള്ള ആക്രമണത്തിനിടെ അഭയാര്‍ത്ഥി ക്യാമ്പിന് നേരെ അബദ്ധത്തില്‍ ബോംബ് വര്‍ഷിക്കുകയായിരുന്നു.

നൈജിരിയയുടെ വടക്കു കിഴക്കന്‍ പ്രദേശമായ മൈദുജുരി നഗരത്തില്‍ നിന്നും 170 കിലോമീറ്റര്‍ അകലെ കാമറൂണ്‍ അതിര്‍ത്തിക്കടുത്ത് റാന്‍ പട്ടണത്തിലാണ് ബോംബിങ്ങ് നടന്നത്. നൈജീരിയന്‍ മിലിട്ടറി കമാന്‍ഡര്‍ മേജര്‍ ജനറല്‍ ലക്കി ഇറബോര്‍ ദുരന്തം സ്ഥിരീകരിച്ചു.
പ്രാദേശിക സമയം രാവിലെ 9 മണിയോടെ, ബൊക്കോഹറാം ക്യാമ്പെന്ന് തെറ്റിദ്ധരിച്ച് അഭയാര്‍ത്ഥി ക്യാമ്പിന് നേരെ സൈന്യം ബോംബ് വര്‍ഷിക്കുകയായിരുന്നു. കാമറൂണ്‍ അതിര്‍ത്തി പ്രദേശമാണ് റാന്‍.

തിങ്കളാഴ്ച്ച നഗരത്തിലെ സര്‍വ്വകലാശാലയില്‍ ബൊക്കോഹറാം നടത്തിയ ചാവേറാക്രമണത്തില്‍ 4 പേര്‍ കൊല്ലപ്പെട്ടിരുന്നു. 52 മൃതശരീരങ്ങള്‍ കണ്ടെത്തിയെന്നും 120 പേര്‍ക്ക് പരിക്ക് പറ്റിയെന്നും സന്നദ്ധസംഘടനയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോര്‍ഡേഴ്സ് പറഞ്ഞു.

ബൊക്കോഹറാമിന്റെ ശക്തികേന്ദ്രമായ ഇവിടെ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്ന് വീട് വിട്ടവരാണ് ക്യാമ്പില്‍ താമസിച്ചിരുന്നത്. ആക്രമണം നടക്കുന്ന സമയത്ത് മനുഷ്യാവകാശ സംഘടന പ്രവര്‍ത്തകര്‍ അഭയാര്‍ത്ഥിയകള്‍ക്ക് പ്രഭാത ഭക്ഷണം വിതരണം ചെയ്യുകയായിരുന്നു. മനുഷ്യാവകാശ സംഘടനകളായ എംഎസ്എഫും റെഡ് ക്രോസും പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

വടക്ക് കിഴക്കന്‍ പ്രദേശങ്ങളില്‍ കൂടിയേറിയ തീവ്രവാദികളെ തുടച്ചു നീക്കുന്നതിനുള്ള അവസാന പടിയായിരുന്നു ആക്രമണമെന്നും, തെറ്റായി ബോംബ് വര്‍ഷിച്ചതില്‍ അങ്ങേയറ്റം ഖേദം പ്രകടിപ്പിക്കുന്നുവെന്നും നൈജീരിയന്‍ പ്രസിഡന്റ് മുഹമ്മദ് ബുഹാരി പറഞ്ഞു.