കേരളം വരണ്ടുണങ്ങുന്നു; മാര്‍ച്ച് രണ്ടാം വാരം വരെ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്ന് മുന്നറിയിപ്പ്

single-img
18 January 2017

കൊച്ചി: സംസ്ഥാനം കൊടും വരള്‍ച്ചയിലേക്ക്. കേരളത്തില്‍ വരാനിരിക്കുന്നത് കുടിക്കാന്‍ വെള്ളം പോലും കിട്ടാത്ത അവസ്ഥയാണെന്ന് റവന്യൂ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മാര്‍ച്ച് രണ്ടാംവാരം വരെ കാര്യമായ മഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. മലയോരമേഖലകളില്‍ മിക്കയിടത്തും കുടിവെള്ളക്ഷാമം നേരിട്ടുതുടങ്ങി. കിണറുകളും ജലാശയങ്ങളും വറ്റിക്കഴിഞ്ഞു.

ജനുവരി ഒന്ന് മുതല്‍ 11 വരെ 99 ശതമാനമാണ് സംസ്ഥാനത്തെ മഴക്കുറവ്. മുന്‍വര്‍ഷങ്ങളില്‍ തിരുവനന്തപുരം ജില്ലയില്‍ ഇക്കാലയളവില്‍ ഏഴ് മില്ലീ മീറ്റര്‍വരെ മഴകിട്ടി. എന്നാല്‍, ഇത്തവണ 0.1 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. മറ്റു ജില്ലകളില്‍ മഴ പെയ്തിട്ടുപോലുമില്ല. എന്നാല്‍ ലക്ഷദ്വീപില്‍ സാധാരണ മഴ ലഭിച്ചു.

ബംഗാള്‍ ഉള്‍ക്കടലിലും പസഫിക് സമുദ്രത്തിലും അടിക്കടിയുണ്ടായ ചുഴലിക്കാറ്റുകളാണ് കേരളത്തില്‍ തുലാവര്‍ഷത്തിലും തുടര്‍ന്നും മഴ കുറയാന്‍ കാരണമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഡയറക്ടര്‍ എസ്. സുദേവന്‍ പറഞ്ഞു. വേനല്‍മഴയെയും ഇതു കാര്യമായി ബാധിക്കാനാണ് സധ്യതയെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് സാധാരണ മഴ ലഭിച്ചത്. ജൂണ്‍മുതല്‍ സെപ്റ്റംബര്‍വരെ ലഭിക്കേണ്ട മണ്‍സൂണ്‍ മഴയിലും 35 ശതമാനം കുറവുണ്ടായി.

ഇതോടെ കുടിവെള്ളക്ഷാമം പരിഹരിക്കാനുള്ള നടപടികള്‍ക്ക് റവന്യൂ വകുപ്പ് തുടക്കമിട്ടു. കോളക്കമ്പനികളും മറ്റും ഭൂഗര്‍ഭജലം അമിതമായി ഊറ്റുന്നത് നിയന്ത്രിക്കാന്‍ ഭൂഗര്‍ഭ ജലവകുപ്പിന് നിര്‍ദേശം നല്‍കി. ഭൂഗര്‍ഭ ജലോപയോഗം 75 ശതമാനം കുറയ്ക്കാനാണ് നിര്‍ദേശം.കുടിവെള്ളക്ഷാമം രൂക്ഷമായ സ്ഥലങ്ങളില്‍ സ്ഥിരം ടാങ്കുകള്‍ സ്ഥാപിച്ച് വെള്ളം നല്കാനുള്ള തണ്ണീര്‍പ്പന്തല്‍ പദ്ധതികളാണ് ആലോചിക്കുന്നത്. ജില്ലാ കളക്ടര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് 11,210 തണ്ണീര്‍പ്പന്തലുകള്‍ സ്ഥാപിക്കാനായി 20 കോടി രൂപ അനുവദിച്ചു.