കേന്ദ്രസര്‍ക്കാറിനെതിരേ വീണ്ടും എംടി; നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുന്നു

single-img
17 January 2017

 

കോഴിക്കോട്:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്ന് എഴുത്തുകാരനും സാംസ്‌ക്കാരിക നായകനുമായ എം.ടി വാസുദേവന്‍ നായര്‍.ഈ സാഹചര്യത്തിലും പ്ലാസ്റ്റിക്ക് മണിയെ കുറിച്ചാണ് പലരും സംസാരിക്കുന്നതെന്നും ഇതെന്താണ് ഇപ്പോഴും മനസിലായിട്ടില്ലെന്നും എം.ടി പറയുന്നു.

എം.ടിക്ക് പിന്തുണയുമായി എത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോടാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. എം.ടി വാസുദേവന്‍നായര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉന്നയിച്ച ബി.ജെ.പി അദ്ദേഹത്തോട് മാപ്പുപറയണമെന്ന് ചെന്നിത്തല പറഞ്ഞു

എം.ടിക്കെതിരെ കടുത്തനിലപാടുമായി ബി.ജെ.പിയും സംഘപരിവാറും രംഗത്തെത്തിയിരുന്നു. നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നാണ് എംടി അന്ന് മറുപടി പറഞ്ഞത്.  തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ ബി.ജെ.പി ആര്‍എസ്എസ് നേതാക്കള്‍ അദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എം.ടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തിയിരുന്നു.

നരേന്ദ്രമോദിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം.എംടിക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് ബിജെപി നേതൃത്വം മാപ്പുപറയണമെന്ന് മന്ത്രി എകെ ബാലനും കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. കേരളീയ സമൂഹവും മനസും എംടിക്കൊപ്പമാണ്. എം.ടി ഒരു വ്യക്തിയല്ല. മൂല്യങ്ങളുടെ സംരക്ഷകനാണ്. വിമര്‍ശനമെന്ന പേരില്‍ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് മാപ്പുപറഞ്ഞ് ബിജെപി തെറ്റ് തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.കേന്ദ്രസര്‍ക്കാറിന്റെ നോട്ട് നിരോധനത്തെ എതിര്‍ത്ത് ഒട്ടനവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.