ബിഹാറിനു പിന്നാലെ യുപിയിലും വിശാലസഖ്യം;അഖിലേഷ് യാദവ് കോണ്‍ഗ്രസുമായി ചര്‍ച്ച നടത്തി

single-img
17 January 2017

 

ലക്‌നൗ: ബീഹാറിന് പിന്നാലെ ഉത്തര്‍പ്രദേശിലും വിശാലസഖ്യത്തെക്കുറിച്ച് തിരക്കിട്ട ചര്‍ച്ചകള്‍. സമാജ്‌വാദി പാര്‍ട്ടി,കോണ്‍ഗ്രസ്,ജെഡിയു, തൃണമൂല്‍, ലോക്ദള്‍, അപ്നാദള്‍ എന്നിങ്ങനെയുള്ള പാര്‍ട്ടികളുമായി ഒരുമിച്ച് വിശാലസഖ്യത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാക്കിയിട്ടുണ്ട്.ബീഹാറിലും ഇത്തരത്തില്‍ വിശാലസഖ്യം ഉണ്ടായിരുന്നു.

പാര്‍ട്ടി ചിഹ്നം ഔദ്യോഗികമായി ലഭിച്ച് സമാജ്വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് അഖിലേഷ് യാദവ് വിശാല സഖ്യത്തിനായി ശ്രമം തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദുമായി അഖിലേഷിന്റെ വിശ്വസ്തര്‍ ചര്‍ച്ച നടത്തിയിരുന്നു. കോണ്‍ഗ്രസിന്റെ 100 സീറ്റ് ആവശ്യത്തോട് അനുകൂലമായി സമാജ്‌വാദി പാര്‍ട്ടി പ്രതികരിച്ചേക്കുമെന്നാണ് സൂചന.

കോണ്‍ഗ്രസിനും 90 സീറ്റുകളും രാഷ്ട്രീയ ലോക്ദളിന് 20 സീറ്റുകളും നല്‍കിയേക്കും. അതേസമയം ഇക്കാര്യത്തിലെല്ലാം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടത് അഖിലേഷ് യാദവിൽ നിന്നാണു. അതിനിടയില്‍ ഔദ്യോഗിക ഭാരവാഹിത്വം നഷ്ടമായ മുലായം സിംഗ് യാദവിന്റെ അടുത്ത നീക്കം എന്താണെന്നും രാഷ്ട്രീയ നിരീക്ഷകർ ഉറ്റു നോക്കുകയാണ്. പാര്‍ട്ടി ചിഹ്നം നഷ്ടമായ മുലായം മകനെതിരേ മത്സരിക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. എന്നാല്‍ ഈ നീക്കത്തില്‍ നിന്നും മുലായം പിന്നോട്ട് പോയെന്നും കേള്‍ക്കുന്നു. അതേസമയം ഒറ്റയ്ക്ക് മത്സരിക്കുന്ന ബിഎസ്പിയും ബിജെപിയും സമാജ്വാദി പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ മുതലാക്കാമെന്ന പ്രതീക്ഷയിലാണ്