ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടി സഖ്യം; ഒറ്റക്കെട്ടായ് ഒന്നിച്ച് മത്സരിക്കുമെന്ന് ഗുലാം നബി ആസാദ്

single-img
17 January 2017

 


ലക്നൗ: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമാജ്‌വാദി പാര്‍ട്ടി സഖ്യം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് ഇക്കാര്യം സ്ഥിരീകരിച്ചു.125 സീറ്റുകളാണ് കോണ്‍ഗ്രസിന്റെ ആവശ്യമെങ്കിലും 90 വരെ സീറ്റുകള്‍ നല്‍കിയേക്കുമെന്നാണ് സൂചന. കോണ്‍ഗ്രസ്, ജെഡിയു, തൃണമൂല്‍, അജിത് സിങ്ങിന്റെ രാഷ്ട്രീയ ലോക്ദള്‍, അപ്നാദളിലെ കൃഷ്ണ പട്ടേല്‍ വിഭാഗം എന്നിവരുമായി ചേര്‍ന്ന് ബിഹാര്‍ മാതൃകയില്‍ സഖ്യകക്ഷി രൂപീകരണമാണ് അഖിലേഷ് ലക്ഷ്യമിടുന്നത്. രാഷ്ട്രീയ ലോക്ദളിന് 20 മുതല്‍ 22 വരെ സീറ്റ് നല്‍കും.

പിതാവ് മുലായം സിങ് യാദവുമായി യാതൊരു രാഷ്ട്രീയ ഭിന്നതയുമില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് വ്യക്തമാക്കി. തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടികയില്‍ മാത്രമാണ് അഭിപ്രായ വ്യത്യാസമുള്ളത്. തിരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരെ മല്‍സരിക്കുമെന്ന് മുലായം മുന്നറിയിപ്പ് നല്‍കിയിരുന്നു. പാര്‍ട്ടി ചിഹ്നമായ സൈക്കിള്‍ അഖിലേഷിന് നല്‍കാനാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനെതിരെ കോടതിയില്‍ പോരാടുമെന്ന് മുലായം അറിയിച്ചിട്ടുണ്ട്. ഔദ്യോഗിക ഭാരവാഹിത്വം നഷ്ടപ്പെട്ട മുലായം സിങ് യാദവിന്റെ അടുത്ത രാഷ്ട്രീയ നീക്കം എന്താകുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

സഖ്യമില്ലാതെ മല്‍സരിക്കുമെന്ന് പ്രഖ്യാപിച്ച മായാവതിയും ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം ആവര്‍ത്തിക്കാമെന്ന് കരുതുന്ന ബിജെപിയും സമാജ്‌വാദി പാര്‍ട്ടിയിലെ പിളര്‍പ്പ് മുതലെടുക്കാമെന്ന പ്രതീക്ഷയിലാണ്.

403 നിയമസഭ മണ്ഡലങ്ങളിലാണ് യുപിയില്‍ മല്‍സരം നടക്കുന്നത്. ഫെബ്രുവരി 11ന് ആരംഭിച്ച് ഏഴ് ഘട്ടമായാണ് വോട്ടെടുപ്പ് പൂര്‍ത്തിയാവുക.ഉത്തര്‍പ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ സമാജ് വാദി പാര്‍ട്ടിയുടെ സൈക്കിള്‍ ചിഹ്നം അഖിലേഷ് യാദവ് നേതൃത്വം കൊടുക്കുന്ന വിഭാഗത്തിന് നല്‍കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ഔദ്യോഗിക സ്ഥിരീകരണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്.

സമാജ്‌വാദി പാര്‍ട്ടിയുടെ ഔദ്യോഗിക പ്രസിഡന്റ് അഖിലേഷ് യാദവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനത്തിന് പിന്നാലെ മുലായത്തെ കണ്ട് പിണക്കം ഇല്ലാതാക്കാനും അഖിലേഷ് ശ്രമിച്ചിരുന്നു. പാര്‍ട്ടിക്കുള്ളിലെ യുദ്ധം ആവശ്യമായിരുന്നുവെന്നും എന്നാല്‍ അച്ഛനുമായി പിണക്കമില്ലെന്നുമാണ് കൂടിക്കാഴ്ചക്ക് ശേഷം അഖിലേഷ് പ്രതികരിച്ചത്.