രക്തസാക്ഷികളായ സൈനികരുടെ ചോര വോട്ടിനായി ഉപയോഗിച്ച മോദി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി സൈനികരുടെ കുടുംബാംഗങ്ങള്‍; വോട്ടിനായി സര്‍ജിക്കല്‍ സ്ട്രൈക്കിനെ ഉപയോഗിക്കാനുള്ള ബിജെപി ശ്രമത്തിനു തിരിച്ചടി

single-img
17 January 2017


ന്യൂഡല്‍ഹി: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ടിനായി സര്‍ജിക്കല്‍ സ്ട്രൈക്കിനെ ഉപയോഗിക്കാനുള്ള ബിജെപി ശ്രമത്തെ ചോദ്യം ചെയ്ത് രക്തസാക്ഷികളായ സൈനികരുടെ കുടുബാംഗങ്ങള്‍ രംഗത്ത്. 2013ല്‍ പാക് സൈന്യം തലയറുത്തു കൊന്ന  ഇന്ത്യന്‍ സൈനികന്‍ ഹേംരാജ് സിങ്ങിന്റേത് അടക്കമുള്ള ബന്ധുക്കളാണ് ശക്തമായ എതിര്‍പ്പുന്നയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

മിന്നലാക്രമണം നടത്തിയതിന്റെ തെളിവ് എവിടെയാണ്? ഹേംരാജിനെ വധിച്ച തീവ്രവാദികളെ ഇല്ലാതാക്കിയെന്നാണ് അധികാരികളുടെ അവകാശവാദം. എന്നാല്‍ ഇതുസംബന്ധിച്ച സര്‍ക്കാര്‍ വ്യാഖ്യാനം മാത്രമേ ഞങ്ങള്‍ക്ക് അറിയൂ. ഹേംരാജിനെ കൊന്നതിനുള്ള പ്രതികാരമല്ലിത്. മിന്നലാക്രമണത്തില്‍ എത്ര പാക് സൈനികര്‍ കൊല്ലപ്പെട്ടെന്ന് ആര്‍ക്കെങ്കിലും അറിയുമോ? മിന്നലാക്രമണത്തിന് ശേഷവും അവര്‍ നമ്മുടെ ആളുകളെ കൊല്ലുന്നുവെന്ന് ഉത്തര്‍പ്രദേശിലെ മഥുര ജില്ലയിലെ ഷേര്‍നഗറില്‍ താമസിക്കുന്ന ഹേംരാജിന്റെ അമ്മ ന്യൂസ്18 ചാനലിന് നല്‍കിയ പ്രതികരണത്തിലൂടെ ചോദിക്കുന്നു.

‘ഡിസംബര്‍ 31ന് പ്രധാനമന്ത്രിയുടെ പ്രസംഗം കേട്ടിരുന്നു. കര്‍ഷക ലോണുകള്‍ എഴുതിത്തള്ളുമെന്നാണ് കരുതിയത്. അതിനുപകരം സ്ത്രീകള്‍ക്ക് മോഡി ആറായിരം രൂപ പ്രഖ്യാപിച്ചു. 18 കിലോമീറ്റര്‍ അകലെയുള്ള ബാങ്കിലേക്ക് സ്ത്രീകള്‍ എങ്ങനെ ഒറ്റയ്ക്ക് പോകുമെന്ന് ഹേംരാജിന്റെ അമ്മാവന്‍ അമര്‍ചന്ദ് സിങ്ങ് ചോദിക്കുന്നു.

2016 ജൂലായില്‍ കശ്മീരിലെ നൗഗാം സെക്ടറില്‍ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്‍ ബാബ്ലുവിന്റെ സഹോദരന്‍ സോനുവും ബിജെപിക്കെതിരെ രംഗത്തെത്തി. മിന്നലാക്രമണത്തെ രാഷ്ട്രീയവത്കരിക്കരുത്. തന്റെ സഹോദരന്റെ ജീവത്യാഗത്തെ വോട്ടിനായി ഉപയോഗിക്കരുതെന്നും സോനു ആവശ്യപ്പെട്ടു. മാത്രമല്ല ഞങ്ങള്‍ക്കറിയാം എത്ര പാകിസ്താനികള്‍ സര്‍ജിക്കല്‍ സ്ട്രൈക്കില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്ന്, അവര്‍ കൊന്നത് നമ്മുടെ ആളുകളെ മാത്രമാണ്. എവിടെയാണ് പ്രതികാരമെന്ന് ബാബ്ലുവിന്റെ ഭാര്യയും ചോദിക്കുന്നു.

2013 ല്‍ അന്നത്തെ പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ് ഒരു ഇന്ത്യന്‍ സൈനികന്റെ ശിരസ്‌ച്ഛേദിച്ചതില്‍ 10 പാക് തല തിരികെ കൊണ്ടുവന്നു എങ്കില്‍ പ്രതികാരം സമാപിക്കുമായിരുന്നെന്ന് വ്യക്തമാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ സമാജ്വാദി സര്‍ക്കാരിനെതിരേയും പ്രദേശത്തെ ജനങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്. ‘മോശം റോഡ് ആണ് തങ്ങളുടെ പ്രശ്നം. ഏറ്റവും അടുത്തുള്ള ആശുപത്രി കോസിയിലാണ്. ഗര്‍ഭിണിയായ യുവതിയെ ഈ റോഡിലൂടെ കൊണ്ടുപോയാല്‍ ഒന്നുകില്‍ അവര്‍ മരിക്കും, അല്ലെങ്കില്‍ നേരത്തെ പ്രസവിക്കുംമെന്ന് പ്രദേശവാസി വിരേന്ദര്‍ കുമാര്‍ പറയുന്നു.

ഹേംരാജ് മരിച്ചപ്പോള്‍ സ്ഥലം സന്ദര്‍ശിച്ച മുഖ്യമന്ത്രി അഖിലേഷ് യാദവ് നല്ല റോഡുകള്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന് ഗ്രാമമുഖ്യന്‍ അജയ് സിങ് പറയുന്നു. എന്നാല്‍ പുതിയതായി നിര്‍മ്മിച്ച റോഡ് ഒരു വര്‍ഷമേ നിലനിന്നുള്ളൂ. മോഡിയുടെ പേരിലാണ് അവസാനം ഞങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തത്.അദ്ദേഹത്തിന് അവസാനമായി ഒരു അവസരം കൂടി കൊടുക്കുകയാണ്. പക്ഷെ ഒരുകാര്യം ഉറപ്പിച്ച് പറയാം. ഇവിടത്തെ ബിജെപി സ്ഥാനാര്‍ത്ഥി ഇത്തവണ ജയിക്കില്ല. നോട്ടുനിരോധനമാണ് അതിനു കാരണമെന്നും ഗ്രാമമുഖ്യന്‍ പറഞ്ഞു.