വൈദ്യുതി ചാര്‍ജ് വര്‍ധനവോ, ലോഡ് ഷെഡിങ്ങോ ആലോചനയില്‍ ഇല്ലെന്ന് വൈദ്യുതി മന്ത്രി എം.എം. മണി;കേന്ദ്ര പൂളില്‍നിന്നു വൈദ്യുതി വാങ്ങുന്നതിനെ സ്വാഗതം ചെയ്യുന്നു

single-img
17 January 2017

 

കോഴിക്കോട് : കേന്ദ്ര പൂളില്‍നിന്നു വൈദ്യുതി വാങ്ങുന്നതിനെ താന്‍ സ്വാഗതം ചെയ്യുകയാണെന്ന് മന്ത്രി എം.എം. മണി. സംസ്ഥാനത്ത് ലോഡ് ഷെഡിങ്ങോ വൈദ്യുതി ചാര്‍ജ് വര്‍ധനയോ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് നിലവില്‍ ആലോചനയില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്ര പൂളില്‍നിന്ന് വൈദ്യുതി വാങ്ങില്ലെന്ന് സംസ്ഥാന വൈദ്യുതി മന്ത്രി പറഞ്ഞുവെന്ന് ബിജെപി പ്രചരിപ്പിക്കുന്നത് അസത്യമാണെന്നും എം.എം. മണി പറഞ്ഞു.

ഗാന്ധിറോഡ് 110 കെവി ജിഐഎസ് സബ്‌സ്റ്റേഷന്‍ ഉദ്ഘാടനവും കോഴിക്കോട് നോര്‍ത്ത് മണ്ഡലം സമ്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനവും നിര്‍വഹിക്കാനെത്തിയതായിരുന്നു മന്ത്രി. മഴകുറഞ്ഞതിനാല്‍ കേരളത്തില്‍ വൈദ്യുതി പ്രതിസന്ധിയുണ്ടാകുമെന്നത് എല്ലാവര്‍ക്കും അറിയാം. ജനങ്ങള്‍ക്കു ബുദ്ധിമുട്ടുണ്ടാകാത്ത രീതിയില്‍ പ്രതിസന്ധി തരണം ചെയ്യുമെന്നും മന്ത്രി മാധ്യമങ്ങളോടു പറഞ്ഞു.

മികച്ചരീതിയില്‍ പ്രവര്‍ത്തിച്ച് ബോര്‍ഡിനു ലാഭമുണ്ടാക്കിത്തരുന്ന ഉദ്യോഗസ്ഥര്‍ക്ക് ബോര്‍ഡ് പ്രത്യേക പാരിതോഷികങ്ങള്‍ നല്‍കണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. 38.4 കോടി അനുവദിച്ച സബ്‌സ്റ്റേഷന്‍ പദ്ധതിയുടെ ചെലവ് 34.2 കോടിയില്‍ നിര്‍ത്താനായത് ബോര്‍ഡിന്റെ ചരിത്രനേട്ടമാണെന്നും പറഞ്ഞു.

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു. വരള്‍ച്ചയെ തുടര്‍ന്ന് സംസ്ഥാനത്ത് കടുത്ത വൈദ്യുതി പ്രതിസന്ധി രൂപപ്പെട്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിര്‍ബന്ധിത വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വന്നാല്‍ ജനങ്ങള്‍ അതിനോടു സഹകരിക്കണം.

വേനല്‍ കടുക്കുന്നതോടെ പരീക്ഷാക്കാലമായ മാര്‍ച്ച് മാസം വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരും. ഇത് ഒഴിവാക്കാന്‍ അധിക വൈദ്യുതി വാങ്ങണമെങ്കില്‍ വൈദ്യുതി നിരക്ക് കൂട്ടേണ്ട സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളതെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.