ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചനിരക്ക് 6.6 ആയി ഇടിയുമെന്ന് ഐ.എം.എഫ്, ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പദവി ഇന്ത്യയ്ക്ക് നഷ്ടമായി

single-img
17 January 2017


ന്യൂഡല്‍ഹി: 2016-17  വര്‍ഷത്തിലെ ഇന്ത്യയുടെ സമ്പത്തിക വളര്‍ച്ചനിരക്ക് കുറയുന്നത് ചൈനയ്ക്ക് ഗുണകരമാകും. അതിവേഗം വളരുന്ന രാജ്യങ്ങളുടെ കൂട്ടത്തില്‍ ചൈന ഇന്ത്യയെ മറികടക്കും. നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യയ്ക്ക് 6.6 ശതമാനം സാമ്പത്തിക വളര്‍ച്ചയേ നേടാനാകൂവെന്ന അന്താരാഷ്ട്ര നാണ്യനിധി (ഐ.എം.എഫ്) യുടെ അനുമാനം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.

ഇതോടെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥ എന്ന പദവി ഇതോടെ ചൈനയ്ക്ക് സ്വന്തമാകും. അതേസമയം, ചൈന 6.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ഐഎംഎഫ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ 7.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് നേരത്തെ ഐ.എം.എഫ്. പ്രവചിച്ചിരുന്നത്. കറന്‍സി പിന്‍വലിക്കലിനെ തുടര്‍ന്ന് സമ്പദ് വ്യവസ്ഥയില്‍ പണത്തിന്റെ കുറവുണ്ടായി. ഇത് ഉപഭോഗത്തിലുണ്ടാക്കുന്ന വളര്‍ച്ചയെ ബാധിക്കുമെന്നാണ് കണക്കൂകൂട്ടല്‍.

2017 ലും 2018 ലുമായി സമ്പദ് വ്യവസ്ഥ പടിപടിയായി വളര്‍ച്ചയിലേയ്ക്ക് തിരിച്ചെത്തുമെന്നും ഐ.എം.എഫ്. വിലയിരുത്തുന്നു. 2017-18 സാമ്പത്തിക വര്‍ഷത്തോടെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന് റിപ്പോര്‍ട്ട് അഭിപ്രായപ്പെടുന്നു. എന്നാല്‍, ലക്ഷ്യമിട്ട വളര്‍ച്ചനിരക്ക് കൈവരിക്കാനാകില്ല. 7.6 ശതമാനം ലക്ഷ്യമിട്ടിരുന്നയിടത്ത് 7.2 ശതമാനം മാത്രമായിരിക്കും ഇക്കാലയളവില്‍ വളര്‍ച്ചനിരക്കെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.