ചിന്നമ്മ ശശികലക്കെതിരെ പടയൊരുക്കവുമായി ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാര്‍, എംജിആറിന്റെ നൂറാം ജന്മദിനത്തില്‍ ദീപയുടെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം മറീന ബീച്ചില്‍ നടന്നു

single-img
17 January 2017

 

ചെന്നൈ: ജയലളിതയുടെ അനന്തരവള്‍ ദീപ ജയകുമാറിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം മറീന ബീച്ചില്‍ നടന്നു. പുതിയ പാര്‍ട്ടി പ്രഖ്യാപനമുണ്ടായില്ല, എന്നാല്‍ ഭാവിപരിപാടികള്‍ ജയലളിയതയുടെ ജന്മദിനത്തില്‍ പ്രഖ്യാപിക്കുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ദീപ അറിയിച്ചു. അതോടെ ഫെബ്രുവരി 24ന് ജയയുടെ ജന്മദിനത്തില്‍ പാര്‍ട്ടി പ്രഖ്യാപനമുണ്ടാകുമെന്ന് ഉറപ്പായി.

എഐഎഡിഎംകെയില്‍ അധികാരം പിടിച്ചടക്കിയ തോഴി ചിന്നമ്മ ശശികലയ്ക്കെതിരെയാണ് ദീപ രംഗത്തെത്തിയത്. ഇതിനായി തെരഞ്ഞെടുത്ത ദിവസം എംജിആറിന്റെ നൂറാം ജന്മവാര്‍ഷിക ദിനമാണെന്നതും രാഷ്ട്രീയ ശ്രദ്ധ നേടി. ജനുവരി 17ന് മറീന ബീച്ചിലെ എംജിആര്‍-ജയലളിത സ്മൃതികൂടീരങ്ങളില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചാണ് ദീപ ജയകുമാര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായി പ്രഖ്യാപിച്ചത്.

ശശികലയ്ക്കെതിരെ പരസ്യ യുദ്ധത്തിന് പടയൊരുക്കുകയാണ് ദീപ ജയകുമാര്‍. ഇതിന് മുന്നോടിയായ ദീപയുടെ ഫ്ലക്സ് ബോര്‍ഡുകള്‍ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. ജയലളിതയോട് രൂപസാമ്യമുള്ള ദീപയോട് അമ്മാ ആരാധകര്‍ക്ക് വൈകാരികമായ അടുപ്പം കൂടുതലാണ്. ദീപയുടെ തല ജയലളിതയുടെ ചിത്രങ്ങളില്‍ മോര്‍ഫ് ചെയ്ത് ചേര്‍ത്ത ഫ്ലെക്സുകള്‍ ചെന്നൈ നിരത്തുകളില്‍ ധാരാളം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 42 വയസുകാരിയായ ദീപ ജയകുമാര്‍ ജയലളിതയുടെ സഹോദരന്‍ ജയകുമാറിന്റെ മകളാണ്. ലണ്ടനില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ദീപ മാധ്യമപ്രവര്‍ത്തക കൂടിയാണ്.

ഡിസംബര്‍ അഞ്ചിന് ജയലളിതയുടെ മരണശേഷം എ.ഡി.എം.കെ തലപ്പത്തേക്ക് ദീപ വരണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ശക്തമായി വാദിച്ചിരുന്നു. തന്റെ രാഷ്ട്രീയ പ്രവേശനത്തെ തടയാന്‍ ആര്‍ക്കും കഴിയില്ലെന്നും ഉചിതമായ സമയത്ത് പ്രഖ്യാപനം നടത്തുമെന്നും അന്ന് ദീപ പറഞ്ഞിരുന്നു. എംജിആറിനോടും ജയലളിതയോടും വൈകാരിക അടുപ്പമുള്ള തമിഴ് ജനതയുടെ പിന്തുണക്കായാണ് ചടുലമായ ദീപയുടെ ഈ നീക്കം.

ശശികലയോട് അഭിപ്രായ വ്യത്യാസമുള്ള എ.ഡി.എം.കെ പ്രവര്‍ത്തകര്‍ ദീപയുടെ പേരില്‍ സംഘടനകള്‍ രൂപീകരിക്കുകയും പോസ്റ്ററുകള്‍ പതിക്കുകയും ചെയ്യുന്നു. എ.ഡി.എംകെ മുന്‍ എം.എല്‍.എ എ. സൗന്ദര രാജന്റെ നേതൃത്വത്തില്‍ രൂപം കൊണ്ട ‘ജയദീപ പേരവൈ’ എന്ന സംഘടന ഇന്ന് തിരുച്ചിറപ്പള്ളിയില്‍ പ്രകടനം നടത്തും. അണ്ണാ എം.ജി.ആര്‍ ദ്രാവിഡ മുന്നേറ്റ കഴകം എന്നപേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപനവുമായി ചെന്നൈയില്‍ ഒരു വിഭാഗം രംഗത്തത്തെി. കെ. മുരുകനാണ് പ്രസിഡന്റ്. ഇതിനിടെ ശശികലയുടെ ബന്ധുവും മുന്‍ എം.പിയുമായ ദിവാകരനെതിരെ ശക്തമായ ആരോപണവുമായി മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായ കെ.പി മുനിസാമി പത്രസമ്മേളനം നടത്തുകയും ചെയ്തു. ദീപയുടെ ചെന്നൈയിലെ വസതിക്ക് മുന്നില്‍ നാള്‍ക്കുനാള്‍ കൂടിവരുന്ന എ.ഡി.എം.കെ പ്രവര്‍ത്തകരുടെ സംഘം ശക്തമായ പിന്തുണയുടെ സൂചനയാണ്.