രോഹിത് ഓര്‍മ്മയായിട്ട് ഇന്ന് ഒരു വര്‍ഷം, അനുസ്മരണ ചടങ്ങില്‍ വിസിയുടെ വിലക്ക്

single-img
17 January 2017

ഹൈദരാബാദ് സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തിട്ട് ഇന്ന് ഒരു വര്‍ഷം. സര്‍വകലാശാലയില്‍ വര്‍ഷങ്ങളായി തുടര്‍ന്നു പോന്നിരുന്ന ദളിത് വിവേചനത്തിനെതിരെയുള്ള പ്രതിഷേധമായിരുന്നു രോഹിതിന്റെ ആത്മഹത്യ. ”എന്റെ ശവസംസ്‌കാരം നിശ്ശബ്ദമായിരിക്കട്ടെ. പെട്ടെന്ന് വന്നുപോയ ഒരാളാണ് ഞാന്‍ എന്നമട്ടില്‍വേണം നിങ്ങള്‍ പെരുമാറേണ്ടത്. എനിക്കുവേണ്ടി കരയരുത്. ജീവിച്ചിരുന്നപ്പോഴത്തേതിനേക്കാള്‍ മരണത്തിലാണ് ഞാന്‍ കൂടുതല്‍ സന്തോഷവാന്‍ എന്നറിയുക” ഇതായിരുന്നു രോഹിതിന്റെ അവസാന വാക്കുകള്‍.

രോഹിതിന്റെ ആത്മഹത്യയെ തുടര്‍ന്ന് രാജ്യത്തെ സര്‍വകലാശാലകളില്‍ വിദ്യാര്‍ത്ഥി പ്രതിഷേധങ്ങളുടെ തീവ്രഭാവം ഉടലെടുത്തിരുന്നു. പ്രതിഷേധങ്ങളുമായി ആയിരങ്ങള്‍ തെരുവിലേക്കിറങ്ങി. ഇന്ന് തന്റെ മരണം പോലും മറ്റൊരു സമരത്തിന്റെ ശൈലിയാക്കാന്‍ രോഹിതിന് കഴിഞ്ഞു.

എന്നാല്‍ രോഹിത് വെമുലയുടെ ഒന്നാം ചരമവാര്‍ഷികത്തില്‍ സര്‍വകലാശാലയില്‍ നടക്കുന്ന അനുസ്മരണ പരിപാടികളില്‍ വിസിയുടെ വിലക്ക്. ഇന്നു നടക്കുന്ന സെമിനാറില്‍ പങ്കെടുക്കേണ്ട രോഹിത് വെമുലയുടെ അമ്മ രാധിക വെമുല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ നിന്നും കാണാതായ നജീബിന്റെ മാതാവ് ഫാത്തിമ നഫീസ്, ഉത്തര്‍പ്രദേശിലെ ദാദ്രിയില്‍ ബീഫ് കൈവശം വെച്ചുവെന്നാരോപിച്ച് സംഘപരിവാര്‍ അനുകൂലികള്‍ കൊലപ്പെടുത്തിയ അഖ്‌ലാഖിന്റെ സഹോദരന്‍ ജാന്‍ മുഹമ്മദ്, ഉനയില്‍ ആക്രമിക്കപ്പെട്ട ദളിത് യുവാക്കള്‍ എന്നിവര്‍ക്കാണ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

ഇക്കാര്യം വ്യക്തമാക്കി വൈസ് ചാന്‍സിലര്‍ സര്‍ക്കുലര്‍ ഇറക്കുകയും ചെയ്തു. ഇന്നുച്ചയ്ക്കാണ് എച്ച്‌സിയു ക്യാംപസില്‍ സെമിനാറും പ്രകടനങ്ങളും അരങ്ങേറുന്നത്. രോഹിതിന്റെ ചരമവാര്‍ഷികമായ ഇന്ന് രാജ്യത്തെ പ്രമുഖ സര്‍വ്വകലാശാലകളില്‍ എല്ലാം പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് സര്‍വകലാശാലയിലെ വൈസ് ചാന്‍സിലറുടെ നീതിനിഷേധത്തെ തുടര്‍ന്നാണ് സര്‍വകലാശാല ഹോസ്റ്റലില്‍ രോഹിത് വെമുല 2016 ജനുവരി 17ന് തൂങ്ങിമരിച്ചത്. രോഹിതിന്റെ മരണത്തെ തുടര്‍ന്ന് രാജ്യത്തെ സര്‍വകലാശാലകളിലെല്ലാം ശക്തമായ പ്രതിഷേധങ്ങളാണ് ഉയര്‍ന്നുവന്നത്.