ഈസ്റ്റാംബൂള്‍ നിശാക്ലബില്‍ 39 പേരെ കൊലപ്പെടുത്തിയ അക്രമി പോലീസ് പിടിയില്‍; അറസ്റ്റ് ചെയ്യുമ്പോള്‍ കൂട്ടത്തില്‍ നാലുവയസ്സുകാരന്‍ മകനും

single-img
17 January 2017

 


ഇസ്താംബൂള്‍: ന്യൂയര്‍ ആഘോഷത്തിനിടയില്‍ 39 പേരെ കൊലപ്പെടുത്തിയാളെ തുര്‍ക്കി പോലീസ് പിടികൂടി. ഉസ്ബക്കിസ്ഥാന്‍ കാരനായ അബ്ദുള്‍ഖാദിര്‍ മഷാരിപ്പോവ് എന്നയാളാണ് പിടിയിലായിരിക്കുന്നത്.

ഇസ്താംബൂറളിലെ എസേന്യൂര്‍ട്ട് ജില്ലയിലെ ഒരു വീട്ടില്‍ നടത്തിയ റെയ്ഡിലാണ് ഇയാള്‍ കുടുങ്ങിയത്. കിര്‍ഗിസ്ഥാനില്‍ നിന്നുള്ള ഒരു സുഹൃത്തിന്റെ ഈ വീട്ടില്‍ ഇയാള്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു. ബോസ്‌പോറസ് ജില്ലയിലെ റെയ്‌ന നിശാക്ലബ്ബിലെ ആക്രമണത്തില്‍ 68 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.വെടിവെയ്പ്പില്‍ കൊല്ലപ്പെട്ടതില്‍ 27 പേരും വിദേശികളായിരുന്നു.പോലീസ് പിടികൂടുമ്പോള്‍ ഇയാള്‍ക്കൊപ്പം നാലുവയസ്സുകാരനായ മകനും വീട്ടില്‍ ഉണ്ടായിരുന്നു. കുട്ടി പോലീസ് കസ്റ്റഡിയിലാണ്.

ജനുവരി 1 ന് ആദ്യ മണിക്കൂറില്‍ നടന്ന ആക്രമണത്തിന് പിന്നാലെ അക്രമിക്ക് വേണ്ടിയുള്ള തെരച്ചിലിലായിരുന്നു പോലീസ്. ഇയാളെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ചോദ്യം ചെയ്യാന്‍ കൊണ്ടുപോയതായി ഹുറിയത്ത് പത്രം വാര്‍ത്ത പുറത്തുവിട്ടു. രക്തം വാര്‍ന്ന നിലയില്‍ കറുത്ത മുടിയുള്ള അക്രമിയുടെ ചിത്രം ദോഗന്‍ പത്രം പുറത്തു വിടുകയും ചെയ്തിട്ടുണ്ട്. ഇയാളുടെ കിര്‍ഗിസ്ഥാന്‍കാരനായ സുഹൃത്തും മറ്റ് മൂന്നുപേരും പിടിയിലായിട്ടുണ്ട്. മൂന്ന് പേര്‍ സ്ത്രീകളാണ്.

ജനുവരി 12 ന് പോലീസ് ഇയാളുടെ ഭാര്യയേയും ഒരു വയസ്സുള്ള മകളെയും പോലീസ് നേരത്തേ കസ്റ്റഡിയില്‍ എടുത്തിരുന്നു. നാലഞ്ചു ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ഇയാളെക്കുറിച്ചുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നെങ്കിലും ഇയാളുടെ നീക്കങ്ങളും ബന്ധങ്ങളും അറിയുന്നതിനായി റെയ്ഡ് നീട്ടി വെയ്ക്കുകയായിരുന്നു.