കലോല്‍സവത്തിലിനി ക്രമക്കേട് നടക്കില്ല;നിരീക്ഷണത്തിന് വേഷപ്രച്ഛന്നരായി വിജിലന്‍സ് സംഘം

single-img
17 January 2017

 

കണ്ണൂര്‍:കേരള സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഇത്തവണ വിജിലന്‍സ് വേഷപ്രഛന്നരായാണ് എത്തുന്നത്.ഏതെങ്കിലും തരത്തില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ ഉടന്‍ വിധികര്‍ത്താക്കളെ അറസ്റ്റ് ചെയ്യുന്നതടക്കമുള്ള കര്‍ശന നടപടി വിജിലന്‍സ് സ്വീകരിക്കും. ആദ്യം വിധികര്‍ത്താക്കളെ കരിമ്പട്ടികയില്‍പെടുത്തുകയല്ലാതെ നിയമനടപടികള്‍ ഒന്നും സ്വീകരിക്കാറില്ലായിരുന്നു.രഹസ്യസ്വഭാവമുള്ളതിനാല്‍ കരിമ്പട്ടികയില്‍പെട്ട ആളിന്റെ പേരും പുറത്താകാറില്ല.

ഇന്നലെ കണ്ണൂരിലെത്തിയ വിജിലന്‍സ് സംഘം മത്സരങ്ങളിലെ വിധികര്‍ത്താക്കളുടെ മൊബൈല്‍ നമ്പര്‍, പൂര്‍ണവിലാസം എന്നിവ രഹസ്യമായി ശേഖരിച്ചു. വിധി നിര്‍ണയം നടത്തുന്നതിനുള്ള മാര്‍ഗരേഖകളുടെ കോപ്പികളും സംഘാടകരില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.

ക്രമക്കേട് നടത്തുന്നതിന് തെളിവുണ്ടെന്ന് കണ്ടാല്‍, ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍, വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന് നല്‍കിയ നിര്‍ദേശം. കഴിഞ്ഞ സംസ്ഥാന കലോത്സവത്തില്‍ രണ്ട് വിധികര്‍ത്താക്കളെയും ജില്ല കലോത്സവങ്ങളിലായി ഒമ്പത് വിധികര്‍ത്താക്കളെയും ഡി.പി.ഐ കരിമ്പട്ടികയില്‍പെടുത്തിയിരുന്നു. പുതിയ തീരുമാനം അനുസരിച്ചാണെങ്കില്‍ ഇവരൊക്കെ അറസ്റ്റിലാകും.

വലിയ കള്ളക്കളികള്‍ നടക്കുന്നതായി ജില്ല കലോത്സവങ്ങളിലെ അനുഭവംവെച്ച് രക്ഷിതാക്കളും വിദ്യാര്‍ഥികളും നല്‍കിയ പരാതിയെ തുടര്‍ന്നാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത്. ഒരു ഡിവൈ.എസ്.പിയെയും എഴുപതോളം ഉദ്യോഗസ്ഥരെയും ഇതിനായി ഏര്‍പ്പാടാക്കിയിട്ടുണ്ട്. വിജിലന്‍സിന്റെ റിസര്‍ച് ആന്‍ഡ് അനാലിസിസ് വിഭാഗവും എം. സെല്ലും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നു.വിധികര്‍ത്താക്കള്‍ കര്‍ശന നിരീക്ഷണത്തിലാണ്. മേളയുടെ സമയങ്ങളില്‍ അവര്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുമതിയില്ല. ഡ്രൈവറും സഹായിയും ഉള്‍പ്പെടെയുള്ളവര്‍ നിരീക്ഷണത്തിലാകും. ഒപ്പം വിധികര്‍ത്താക്കള്‍ ആരുമായി ബന്ധപ്പെടുന്നുവെന്ന കാര്യവും നിരീക്ഷിക്കും.