ഉമ്മന്‍ ചാണ്ടിയ്ക്ക് വഴങ്ങേണ്ടെന്ന് കരുതിയ ഹൈക്കമാന്‍ഡ്‌ സംസ്‌ഥാന ഘടകത്തില്‍ പ്രതിസന്ധി ഗുരുതരമായതോടെ ചർച്ചയ്ക്ക് തയ്യാറായി;രാഹുൽ ഗാന്ധി – ഉമ്മൻചാണ്ടി കൂടിക്കാഴ്ച ഇന്ന്

single-img
16 January 2017

ന്യൂഡല്‍ഹി: ഡി.സി.സി. പുനഃസംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന്‌ പാര്‍ട്ടി പരിപാടികളോട്‌ നിസഹകരണം പ്രഖ്യാപിച്ച ഉമ്മന്‍ചാണ്ടിയെ അനുനയിപ്പിക്കാന്‍ ഇന്നു കോണ്‍ഗ്രസ്‌ ഉപാധ്യക്ഷന്‍ രാഹുല്‍ കൂടികാഴ്‌ച നടത്തും. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ തനിക്കുള്ള അതൃപ്തി ഉമ്മന്‍ ചാണ്ടി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അറിയിക്കും. സംഘടന തിരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവും ഉമ്മന്‍ ചാണ്ടി ഉന്നയിക്കും. ഇന്ന് നടക്കുന്ന ചര്‍ച്ചയോടെ പ്രശ്നങ്ങള്‍ക്ക് താല്‍ക്കാലിക പരിഹാരമാകുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്‍റെ പ്രതീക്ഷ

എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍വാസനിക് വിളിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയും ഉമ്മന്‍ ചാണ്ടിയെ വിളിച്ചിരുന്നു. ഡിസിസി അധ്യക്ഷന്മാരുടെ നിയമനത്തില്‍ എ ഗ്രൂപ്പിന് അര്‍ഹമായ പ്രാതിനിധ്യം ലഭിച്ചില്ലന്ന പരാതിയെ തുടര്‍ന്ന് ഉമ്മന്‍ ചാണ്ടി രാഷ്ട്രീയകാര്യ സമിതിയിലും എഐസിസി സംഘടിപ്പിച്ച പരിപാടികളിലും നിന്ന് വിട്ട് നിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ചര്‍ച്ചയിക്കായി ഉമ്മന്‍ ചാണ്ടിയെ വിളിപ്പിച്ചത്.

പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്റണിയും ഇന്നു ഡല്‍ഹിയില്‍ തിരിച്ചെത്തും. ഇതോടെ ആന്റണിയും ചര്‍ച്ചയുടെ ഭാഗമാകുമെന്നാണു കരുതുന്നത്‌.തുടക്കത്തില്‍ ഉമ്മന്‍ചാണ്ടിക്കു വഴങ്ങേണ്ടെന്നു തീരുമാനിച്ച ഹൈക്കമാന്‍ഡ്‌ സംസ്‌ഥാന ഘടകത്തില്‍ പ്രതിസന്ധി ഗുരുതരമായതോടെ ചര്‍ച്ചയ്‌ക്കു മുതിരുകയായിരുന്നു. സോളാര്‍ കേസ്‌ വീണ്ടും തലവേദനയായതോടെ പാര്‍ട്ടിയുടെ പിന്‍ബലം ഉമ്മന്‍ചാണ്ടിക്കും ആവശ്യമായിവന്നു. ഇതോടെ ഇരുപക്ഷത്തിനും തിരിച്ചടി ഉണ്ടാകാതെ പ്രതിസന്ധി പരിഹരിക്കാനുള്ള നീക്കം സജ്‌ജീവമാകുകയായിരുന്നു.