വ്യാജന്‍മാരേ സൂക്ഷിച്ചോ…ഫെയ്‌സ്ബുക്കിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കുടുക്കാന്‍ ‘ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍’ വരുന്നു

single-img
16 January 2017

 

ബെര്‍ലിന്‍: വ്യാജവാര്‍ത്തകള്‍ സൃഷ്ടിക്കുന്നവരെ പിടിക്കാന്‍ ഫെയ്‌സ്ബുക്ക് പുതിയ സംവിധാനമൊരുക്കുന്നു. ഇതിനായി ഏര്‍പ്പെടുത്തിയ ‘ഫെയ്ക് ന്യൂസ് ഫില്‍റ്റര്‍’ ജര്‍മനിയില്‍ താമസിയാതെ അവതരിപ്പിക്കും. അടുത്ത ആഴ്ചകളില്‍ത്തന്നെ വാര്‍ത്തകളിലെ സത്യസന്ധത പരിശോധിക്കാനുള്ള നടപടി ഫെയ്‌സ്ബുക്ക് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

സാമൂഹ്യമാധ്യമങ്ങളില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് നേരിടാന്‍ ജര്‍മന്‍ നേതൃത്വ നീക്കം തുടങ്ങിയിരിക്കുകയാണ്. ഫെയ്‌സ്ബുക്കോ മറ്റ് സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ വഴിയോ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതിന് അനുമതി നല്‍കുന്നതിനെതിരെ പിഴ ചുമത്താനാണ് ജര്‍മനിയുടെ നീക്കം. വ്യാജവാര്‍ത്തകളെ സൂക്ഷിക്കണമെന്ന് ജര്‍മനിയില്‍ രാഷ്ട്രീയനേതാക്കള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സൈബര്‍ ആക്രമണങ്ങളിലൂടെയോ പ്രത്യേക ആശയപ്രചരണം നടത്തുന്നതിലൂടെയോ ഉള്ള റഷ്യന്‍ ഇടപെടലുകളെ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ താക്കീത് ചെയ്തിരുന്നു. പുതുവര്‍ഷത്തലേന്ന് ഒരുസംഘമാളുകള്‍ പള്ളി കത്തിച്ചെന്ന് ബ്രൈറ്റ്ബാര്‍ട്ട് വാര്‍ത്ത പ്രസിദ്ധീകരിച്ച സംഭവത്തില്‍ ജര്‍മന്‍ സര്‍ക്കാര്‍ അന്വേഷണം നടത്തിവരികയാണ്.

ഒരു വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ കറക്റ്റീവ് എന്ന ബെര്‍ലിന്‍ ആസ്ഥാനമായുള്ള സംഘടനയിലേക്കാണ് ആ വാര്‍ത്ത ഫെയ്‌സ്ബുക്ക് റിപ്പോര്‍ട്ട് ചെയ്യുക. വാര്‍ത്ത വ്യാജമാണെന്ന് കണ്ടെത്തിയാല്‍ ”ഡിസ്പ്യൂട്ടഡ്” എന്ന് അത് രേഖപ്പെടുത്തും. ഇത്തരം വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നതിന് മുമ്പ് ഉപയോക്താക്കളെ ഇക്കാര്യം അറിയിക്കുകയും ചെയ്യും. പുതിയ സംവിധാനത്തിലേക്ക് ജര്‍മനിയിലെ മറ്റ് മാധ്യമ പങ്കാളികളേയും ക്ഷണിക്കുന്നുവെന്നും വ്യാജവാര്‍ത്ത തടയാനുള്ള സംവിധാനം മറ്റ് രാജ്യങ്ങളിലും അവതരിപ്പിക്കുമെന്നും ഫെയ്‌സ്ബുക്ക് വക്താവ് അറിയിച്ചു