നോട്ട് നിരോധനം ; കൊതുകിനെ പിടിക്കാന്‍ ആണവസ്‌ഫോടനം നടത്തിയത് പോലെയാണെന്ന് കരണ്‍ ഥാപ്പര്‍

single-img
16 January 2017


എലിയെ പിടിക്കാന്‍ ഇല്ലം ചുടുക എന്ന പഴഞ്ചൊല്ല് പോലെ കൊതുകിനെ പിടിക്കാന്‍ ആണവസ്ഫോടനം നടത്തുക എന്ന പോലെയായി പ്രധാനമന്ത്രി നരേന്ദ്രമോദി നടപ്പിലാക്കിയ നോട്ട് നിരോധനം എന്ന് പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍. ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ കോളത്തിലാണ് കരണ്‍ ഥാപ്പര്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്.

നവംബര്‍ 8ന് നോട്ട് നിരോധനം പ്രഖ്യാപിച്ചപ്പോള്‍ പിന്‍വലിക്കപ്പെട്ടത് 15.4 ലക്ഷം കോടി രൂപയാണ്. വിശ്വസനീയമായ മൂന്നോളം റിപ്പോര്‍ട്ടുകള്‍ പറയുന്നത് ഡിസംബര്‍ 30 ഓടെ പിന്‍വലിക്കപ്പെട്ട നോട്ടുകളില്‍ 97% നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയിട്ടുണ്ട്. ഇത് ശരിയാണെങ്കില്‍ രണ്ട് കാര്യങ്ങളാണ് നടക്കേണ്ടത്.

ഒന്ന് രാജ്യത്തുണ്ടായിരുന്ന കള്ളപ്പണമെല്ലാം നിയമവിധേയമായി മാറി അല്ലെങ്കില്‍ സമൂഹത്തില്‍ വിതരണം ചെയ്യപ്പെട്ടിട്ടുള്ള നോട്ടുകളെ കുറിച്ചുള്ള റിസര്‍വ് ബാങ്കിന്റെ ധാരണ തെറ്റായിരുന്നെന്ന് കണക്കാക്കേണ്ടി വരും. ആദ്യത്തേത് നടന്നിരിക്കാനാണ് സാധ്യത, രണ്ടാമത്തേതിന് സാധ്യത ഞാന്‍ കാണുന്നില്ല. ആദ്യം പറഞ്ഞതാണെങ്കില്‍ സര്‍ക്കാരിന് പ്രശ്‌നങ്ങള്‍ ഇനിയാണ് ആരംഭിക്കുക എന്നും കരണ്‍ ഥാപ്പര്‍ എഴുതുന്നു.

പിന്‍വലിക്കപ്പെട്ട നോട്ടുകളെല്ലാം തിരികെവന്നപ്പോള്‍ രാജ്യത്തുണ്ടായിരുന്ന കള്ളപ്പണമൊക്കെ എവിടെ എന്ന പ്രശ്‌നം പലമടങ്ങായി വളര്‍ന്ന് വീണ്ടും രാജ്യത്തിന്റെ സമ്പത്ത്വ്യവസ്ഥയെ തകര്‍ക്കുമെന്നും കരണ്‍ ഥാപ്പര്‍ പറഞ്ഞു.