ഭിന്നത ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല : സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നെന്നും, അടുത്ത തെരഞ്ഞെടുപ്പില്‍ അഖിലേഷിനെതിരെ മത്സരിക്കുമെന്നും മുലായം സിങ്

single-img
16 January 2017

 

ലക്നൗ: അടുത്ത നടക്കാന്‍ പോകുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ് യാദവിനെതിരെ മല്‍സരിക്കുമെന്ന് സമാജ്‌വാദി പാര്‍ട്ടി കുലപതി മുലായം സിങ് യാദവ് വ്യക്തമാക്കി.  പിളര്‍പ്പൊഴിവാക്കാന്‍ കഴിവതും ശ്രമിച്ചെങ്കിലും ഒന്നും ഫലം കണ്ടില്ലെന്നാണ് മുലായത്തിന്റെ വിശദീകരണം.

അഖിലേഷ് താന്‍ പറയുന്നതിന് ചെവിതരുന്നില്ലെന്ന് അദ്ദേഹം തുറന്നടിച്ചു. അഖിലേഷിനെ പറഞ്ഞു മനസ്സിലാക്കാന്‍ പരമാവധി ശ്രമിച്ചു. ഒരുതവണ എന്നെ കാണാന്‍ വന്നിരുന്നുവെങ്കിലും പറഞ്ഞത് കേള്‍ക്കാന്‍ പോലും തയാറായില്ല.  സമാജ്‌വാദി പാര്‍ട്ടി മുസ്ലിം വിരുദ്ധ പാര്‍ട്ടിയാണെന്ന തരത്തിലാണ് അഖിലേഷിന്റെ നിലപാടെന്നും മുലായം പറഞ്ഞു. പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ തന്റെ എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. രാംഗോപാല്‍ യാദവാണ് പാര്‍ട്ടിക്കുള്ളിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണമെന്നാണ് മുലായത്തിന്റെ ആക്ഷേപം. സ്വയം പാര്‍ട്ടി ദേശീയ അധ്യക്ഷനായി അവരോധിക്കുകയും തന്നെ മാര്‍ഗദര്‍ശിയായി അരുകുവല്‍ക്കരിക്കുകയും ചെയ്തതിലുള്ള അമര്‍ഷവും മുലായം വ്യക്തമാക്കി.

സൈക്കിള്‍ ചിഹ്നത്തിന്റെ കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം എന്തു തന്നെയാണെങ്കിലും സ്വീകരിക്കും. സൈക്കിള്‍ ചിഹ്നം ലഭിക്കുന്നതിനായി കോടതിയില്‍ വരെ പോരാടും. നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കും.  അഖിലേഷിനെതിരെ പോരാടാന്‍ ജനത്തിന്റെ പിന്തുണയെനിക്ക് ആവശ്യമാണ്. എതിരാളികള്‍ക്കൊപ്പം ഉല്ലസിച്ചു നടക്കുകയാണ് അഖിലേഷെന്നും മുലായം വിമര്‍ശിച്ചു.