എടിഎമ്മിലൂടെ പണം പിന്‍വലിക്കുന്നതിന് കടുത്ത നിയന്ത്രണം വരുന്നു; മാസത്തിൽ മൂന്ന് തവണയിലധികം എടിഎമ്മിൽ നിന്ന് പണമെടുത്താൽ ചാർജ്ജ് ഈടാക്കും

single-img
16 January 2017

ദില്ലി : എടിഎമ്മില്‍നിന്ന് സൗജന്യമായി പണം പിന്‍വലിക്കുന്നതിന്റെ പ്രതിമാസ പരിധി മൂന്ന് തവണയാക്കി കുറയ്ക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ട്.പ്രതിമാസം അഞ്ചു തവണയില്‍ കൂടുതല്‍ എടുത്താലാണ് സര്‍വ്വീസ് ചാര്‍ജ് ഈടാക്കിയിരുന്നത്.

ബാങ്കുകളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ പ്രീ-ബജറ്റ് ചര്‍ച്ചയിലാണ് ഈ നിര്‍ദേശം ഉയര്‍ന്നുവന്നത്. ഡിജിറ്റല്‍ ഇടപാട് വര്‍ധിപ്പിക്കുന്നതുകൂടി ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ ഇതേക്കുറിച്ച് ആലോചിക്കുന്നത്. നിലവില്‍ പ്രതിമാസം അഞ്ച് ഇടപാടുകളാണ് സൗജന്യമായുള്ളത്. അതില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ ഓരോതവണ 20 രൂപയും സര്‍വീസ് ടാക്സും നല്‍കണം.

ആറ് മെട്രോ(മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, ബെംഗളുരു, ഹൈദരാബാദ്) നഗരങ്ങളില്‍ മറ്റ് ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് നിലവില്‍ മൂന്ന് തവണമാത്രമെ സൗജന്യമായി പണം പിന്‍വലിക്കാനാകൂ. 2014 നവംബര്‍ മുതലാണീ തീരുമാനം നടപ്പിലായത്. ഇത് ഏകീകരിച്ച് മെട്രോ നഗരങ്ങ
ളിലും ഗ്രാമങ്ങളിലും മൂന്ന് സൗജന്യ ഇടപാടുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നാണ് ബാങ്ക് അധികൃതര്‍ മുന്നോട്ടുവെച്ചിരിക്കുന്ന നിര്‍ദേശം.

ഫ്രീ ട്രാന്‍സാക്ഷനുകളുടെ എണ്ണം കുറയ്ക്കുന്നതോടെ എടിഎം കാര്‍ഡുകള്‍ ഉപയോഗിച്ചു ഡിജിറ്റല്‍ പേമെന്റ് നടത്തുന്നവരുടെ എണ്ണം വര്‍ധിക്കുമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. നിലവില്‍ മിക്ക ബാങ്കുകളും മാസത്തില്‍ അഞ്ച് എടിഎം ട്രാന്‍സാക്ഷനുകള്‍ സൗജന്യമായി നല്‍കുന്നുണ്ട്. ഇതാണ് മൂന്നായി വെട്ടിച്ചിരുക്കുന്നത്. പിന്നീടുള്ള ഉപയോഗത്തിന് 20 രൂപയിലധികം സര്‍വീസ് ചാര്‍ജ് ഈടാക്കും. എടിഎമ്മില്‍നിന്നും പണം കിട്ടിയില്ലെങ്കിലും സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരുന്നതടക്കമുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തീരുമാനം സാധാരണക്കാര്‍ക്കു തിരിച്ചടിയാകും.