കാർഗോ വിമാനം കിർഗിസ്ഥാനിലെ ജനവാസ മേഖലയിൽ തകർന്നു വീണു; 27 ഗ്രാമവാസികള്‍ ഉൾപ്പടെ 32 മരണം

single-img
16 January 2017

ബിഷ്‌കെക്: ജനവാസമേഖലയില്‍ ചരക്കു വിമാനം തകര്‍ന്ന് വീണ് 32  പേര്‍ മരിച്ചതായി പ്രാഥമിക വിവരം. ഹോങ്കോങില്‍ നിന്ന് ബിഷ്‌കെകിലേക്ക് പോകുന്ന വിമാനമാണ് കിര്‍ഗിസ്ഥാന്റെ തലസ്ഥാനമായ ബിഷ്‌കെകില്‍ തകര്‍ന്നു വീണത്. കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍സ് വിമാനം അടിയന്തര ലാന്‍ഡിങിന് ശ്രമിക്കുന്നതിന് ഇടയിലാണ് ഡാച്ചാ-സൂ ഗ്രാമത്തിലെ വീടുകളിലേക്ക് ഇടിച്ചിറങ്ങിയത്.

നാല് പൈലറ്റുകളടക്കം അഞ്ച് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍ മരിച്ച 27 പേരും ഗ്രാമവാസികളാണ്. കിര്‍ഗിസ്ഥാനിലെ പ്രാദേശിക സമയം പുലര്‍ച്ചെ 7.30ന് ആണ് അപകടമുണ്ടായത്. ബിഷ്‌കെകിന് സമീപം മനാസിലാണ് വിമാനം ഇറക്കേണ്ടിയിരുന്നത്. കനത്ത മൂടല്‍ മഞ്ഞില്‍ ദൂരകാഴ്ച സാധ്യമാകാതെ വന്നതോടെയാണ് വിമാനം ഗ്രാമത്തില്‍ ഇടിച്ചിറങ്ങിയത്. 15 വീടുകളാണ് വിമാനാപകടത്തില്‍ തകര്‍ന്നത്.
കിര്‍ഗിസ്ഥാന്‍ ഗതാഗത മന്ത്രാലയം വിമാന അപകടം സ്ഥീതിരികരിക്കുകയും തുര്‍ക്കിഷ് എയര്‍ലൈന്റെ ബോയിങ് 747-400 വിമാനമാണ് തകര്‍ന്നതെന്നും പുറത്തുവിട്ടു. എന്നാല്‍ തുര്‍ക്കിഷ് എയര്‍ലൈന്‍ വിമാനമല്ല മറ്റൊരു തുര്‍ക്കിഷ് കമ്പനിയായ എസിടി എയര്‍ലൈന്‍സ് വിമാനമാണ് അപകടത്തില്‍ പെട്ടതെന്ന് തുര്‍ക്കിഷ് എയര്‍ലൈന്‍ ട്വിറ്ററില്‍ അറിയിച്ചു.