പ്രതീക്ഷകള്‍ കൈ വിട്ടപ്പോള്‍ റിയാസിനു കൈതാങ്ങായി മമ്മുട്ടി എത്തി, ഒപ്പം കാരുണ്യത്തിന്റെ വെളിച്ചം വീശി രാജാഗിരിയിലെ ഡോക്ടര്‍മാരും

single-img
15 January 2017

ജീവിതം മുന്നോട്ട് എങ്ങനെ കൊണ്ടു പോവുമെന്ന് അറിയാതെ നിസഹായകരായി കഴിയുന്നര്‍ക്ക് പ്രതീക്ഷയുടെ പൊന്‍കിരണം പരത്താന്‍ പലരും കടന്നു വരും. അത്തരത്തില്‍ ആലുവ കൊടികുത്ത്മല സ്വദേശി റിയാസിനു മുന്‍പില്‍ ജീവിതത്തിന്റെ സകല പ്രതീക്ഷകളും കൈവിട്ടു പോയിരുന്നെങ്കിലും നിരാശനാകേണ്ടി വന്നില്ല. ഹൃദ്രോഗം എന്ന മഹവിപത്ത് റിയാസിനെ പിടികൂടിയപ്പോള്‍ സങ്കീര്‍ണ്ണമായ ഹൃദയ ശാസ്ത്രക്രിയക്ക് തന്നെ സഹായിക്കാനെത്തിയത് മഹാനടന്‍ മമ്മൂട്ടിയായിരിക്കുമെന്നു റിയാസ് സ്വപ്‌നത്തില്‍ പോലും കരുതിയിട്ടുണ്ടായിരുന്നില്ല.

ഹൃദയ ധമനികളില്‍ 85 ശതമാനത്തോളം ബ്ലോക്കുകള്‍ വന്ന റിയാസിനു വേണ്ടി ഒരുനാട് മുഴുവന്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ ഭീമമായ ചികിത്സാ ചിലവിന്റെ അടുത്തെത്താന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. ചികിത്സക്കുള്ള സഹായത്തിനായി നിരവധി ആശുപത്രികള്‍ കയറിയിറങ്ങിയ റിയാസിന്റെ കഥയറിഞ്ഞ് ആലുവ എംഎല്‍എ അന്‍വര്‍ സൗത്താണ് പ്രശ്‌നം മമ്മുട്ടിയുടെ അടുത്തെത്തിച്ചത്. സ്വന്തമായി കയറി കിടക്കാന്‍ ഒരു തുണ്ടു ഭൂമി പോലുമില്ലാത്ത റിയാസിന്റെയും കുടുംബത്തിന്റെയും അവസ്ഥ കണ്ട് മമ്മുട്ടി രാജഗിരി ആശുപത്രിയുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ തന്റെ ജീവകാരുണ്യ സംഘടനയായ കെയര്‍ ആന്റ് ഷെയര്‍ ഇന്റര്‍നാഷണല്‍ ഭാരവാഹികളോട് ആവശ്യപ്പെടുകയായിരുന്നു. തിരക്കുകള്‍ക്കിടയിലും മമ്മുട്ടി റിയാസിന്റെ ചികിത്സ പുരോഗതി വിലയിരുത്തുന്നുണ്ടായിരുന്നു.

കഴിഞ്ഞ മാസമാണ് നെഞ്ചുവേദനയെ തുടര്‍ന്ന് എറണാകുളത്തെ ആശുപത്രിയില്‍ നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ മുപ്പത്തിയഞ്ചുകാരാനായ റിയാസിന്റെ ഹൃദയത്തില്‍ 85 ശതാമാനത്തോളം ബ്ലോക്ക് ഉണ്ടെന്നു കണ്ടെത്തിയത്. താരതമ്യേന ചെറുപ്പക്കാരില്‍ ഇത്തരത്തില്‍ ബ്ലോക്കുണ്ടാകുന്നത് അപൂര്‍വ്വമാണ്. സമാനരോഗം കാരണം 42 വയസുള്ളപ്പോള്‍ റിയാസിന്റെ ജ്യേഷ്ഠനും മരണപ്പെട്ടിരുന്നു.

രാജഗിരി ആശുപത്രിയിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം മേധാവി ഡോ. ശിവ് കെ.നായരിന്റെ നേതൃത്വത്തില്‍് നടത്തിയ പരിശോധനകള്‍ക്ക് ശേഷം റിയാസിനെ ശാസ്ത്രക്രിയക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജന്മാരായ ഡോ.ജോര്‍ജ് വാളൂരാന്‍, ഡോ റിനറ്റ് സെബാസ്റ്റിയന്‍, കാര്‍ഡിയാക് അനസ്‌തേഷ്യേ ഡോക്ടര്‍മാരായ ഡോ.ജിയോ പോള്‍, ഡോ. റോഷിത് ചന്ദ്രന്‍ എന്നിവരും ചേര്‍ന്നാണ് വിജയകരമായി ശാസ്ത്രക്രിയ നടത്തിയത്. ചികിത്സ പൂര്‍ത്തിയാക്കിയ റിയാസ് ഉടന്‍ തന്നെ ആശുപത്രി വിടും.

ഒരു ദേവദൂതനെ പോലെ തന്റെ ജീവിതത്തിലേക്ക് കടന്നു വന്ന മെഗാസ്റ്റാറിനെ ഒന്നു നേരില്‍ കണ്ടു നന്ദി പറയുക എന്നതാണ് ഇപ്പോള്‍ റിയാസിന്റെ വലിയൊരാഗ്രഹം. അതേ സമയം മധ്യകേരളത്തില്‍ നിര്‍ധനരായ ഹൃദ്രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചു വരുന്നു എന്നതു ദു:ഖകരമായ വസ്തുതയാണെന്ന് രാജഗിരി ആശുപത്രിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി (CMI) പറഞ്ഞു. നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് മമ്മുട്ടിയുമായി ചേര്‍ന്ന് ഹൃദ്രോഗികളെ സഹായിക്കുന്നതിനുള്ള ചികിത്സ പദ്ധതി രൂപപ്പെടുത്തി വരികയാണ്. കെയര്‍ ആന്‍ഡ് ഷെയറിന്റെ മേല്‍ നോട്ടത്തില്‍ വരുന്ന ഈ പദ്ധതി ഉടന്‍ നാടിനു സമര്‍പ്പിക്കുമെന്നും ഫാ.ജോണ്‍സണ്‍ വാഴപ്പിള്ളി (CMI) കൂട്ടി ചേര്‍ത്തു.