കേന്ദ്രസര്‍ക്കാറിന്റെയും ആര്‍.ബി.ഐയുടെയും സംയുക്ത തീരുമാനമായിരുന്നു നോട്ട് അസാധുവാക്കല്‍;2000രൂപ നോട്ട് ഘട്ടംഘട്ടമായി കൊണ്ടുവരാതിരുന്നത് ‘ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍’:ആര്‍.ബി.ഐ

single-img
14 January 2017

ന്യൂദല്‍ഹി: നോട്ടുനിരോധനം എന്നത് റിസര്‍വ് ബാങ്കിന്റെയും കേന്ദ്രസര്‍ക്കാറിന്റെയും സംയുക്ത തീരുമാനമായിരുന്നെന്ന് ആര്‍.ബി.ഐ. നോട്ടുനിരോധനവുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാനലിനു നല്‍കിയ മറുപടിയിലാണ് ആര്‍.ബി.ഐ ഇക്കാര്യം വ്യക്തമാക്കുന്നത്. ഇന്ത്യാ ടുഡേയാണ് ഇക്കാര്യം പറത്തുവിട്ടത്.

കള്ളനോട്ട് ഇല്ലാതാക്കുകയെന്നതായിരുന്നു നോട്ടുനിരോധനം കൊണ്ട് പ്രധാനമായും ലക്ഷ്യമിട്ടത്. 2014ല്‍ മോദി അധികാരത്തിലെത്തി കുറച്ചുമാസങ്ങള്‍ കഴിഞ്ഞപ്പോള്‍ 5000ത്തിന്റെയും 10000ത്തിന്റെയും നോട്ടുകള്‍ പുറത്തിറക്കാന്‍ ആലോചിച്ചിരുന്നു എന്നതാണ് ആര്‍ബിഐ യുടെ വെളിപ്പെടുത്തല്‍.
കറന്‍സി ലോജിസ്റ്റിക്സും നാണയപ്പെരുപ്പവും മാനേജ് ചെയ്യാന്‍ വേണ്ടിയാണ് 2000രൂപ നോട്ട് പുറത്തിറക്കുകയെന്ന തീരുമാനത്തിലേക്ക് ആര്‍.ബി.ഐ എത്തിയത്.2000രൂപ നോട്ട് ഘട്ടം ഘട്ടമായി കൊണ്ടുവരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ‘ജനങ്ങളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ വേണ്ടി’ എന്നാണ് ആര്‍.ബി.ഐ മറുപടി നല്‍കിയത്.

2000രൂപ നോട്ട് പ്രിന്റ് ചെയ്തു തുടങ്ങിയത് എപ്പോഴാണെന്ന ചോദ്യത്തിന് ജൂണ്‍ 2016 മുതലാണെന്നാണ് ആര്‍.ബി.ഐ മറുപടി നല്‍കിയത്.
നോട്ടുനിരോധനം പ്രഖ്യാപിക്കാനുള്ള അന്തിമ തീരുമാനത്തിലേക്ക് നയിച്ചതെന്താണെന്ന ചോദ്യത്തിന് മറുപടിയായി ആര്‍.ബി.ഐ പറഞ്ഞത് അത്യാവശ്യത്തിന് 2000രൂപ നോട്ടുകള്‍ സ്റ്റോക്കായതുകൊണ്ട് എന്നാണ്.

കറന്‍സി പ്രതിസന്ധിയെക്കുറിച്ച് ആര്‍.ബി.ഐ വലിയ ചര്‍ച്ചകള്‍ നടത്തിയെന്നും പഴയ നോട്ടുകള്‍ മുഴുവനായി റീപ്ലെയ്സ് ചെയ്യുകയെന്നത് സാധ്യമാകില്ലെന്ന് മനസിലാക്കിയെന്നും ആര്‍.ബി.ഐ പറയുന്നു.കറന്‍സി ക്ഷാമത്തിന് അല്പം ആശ്വാസം ലഭിക്കാനാണ് ഡിജിറ്റള്‍ പെയ്മെന്റ് ഓപ്ഷന്‍ പരിഗണിച്ചത്.നോട്ടുനിരോധനത്തിന് ബാലന്‍സ് ഷീറ്റില്‍ യാതൊരു പ്രഭാവവും സൃഷ്ടിച്ചിട്ടില്ല എന്നാണ് ആര്‍.ബി.ഐ അവകാശപ്പെടുന്നത്.