ഡല്‍ഹിയില്‍ വോളിബോള്‍ താരത്തെ അഞ്ചംഗസംഘം കുത്തിക്കൊലപ്പെടുത്തി

single-img
14 January 2017


ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ യുവാവിനെ അഞ്ചംഗ സംഘം കുത്തിക്കൊലപ്പെടുത്തി. സൗത്ത് ഡല്‍ഹിയിലെ മോട്ടി ബാഗ് സ്വദേശിയായ രോഹിത് കാപ്ര(26) ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് വിവേക് ഓടി രക്ഷപ്പെട്ടു.വോളിബോള്‍ താരമാണ് കൊല്ലപ്പെട്ട രോഹിത്.

വ്യാഴാഴ്ച രാത്രി 11.30 ഓടെ രോഹിണി സെക്ടര്‍ മേഖലയില്‍ യാണ് സംഭവം. സുഹൃത്ത് വിവേകിനൊപ്പം ബൈക്കില്‍ ബന്ധുവിന്റെ വീട്ടില്‍ പോകുന്നതിനിടെ ഒരു സംഘം ആളുകള്‍ രോഹിതിനെ വളയുകയായിരുന്നു. ഇതേത്തുടര്‍ന്നു ഇവരുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ട രോഹിതിനെ ഇവര്‍ മര്‍ദ്ദിക്കുകയും കുത്തിപ്പരിക്കേല്‍പ്പിക്കുകമായിരുന്നു. തടയാന്‍ ശ്രമിച്ച വിവേകിനെ അവര്‍ വിരട്ടിയോടിച്ചു. അരമണിക്കൂറോളം രോഹിത്തിനെ അക്രമികള്‍ തല്ലിച്ചതച്ചു. ആളുകള്‍ ഓടിക്കൂടി രോഹിതിനെ ബി.ആര്‍. അംബേദ്കര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മദ്യപിച്ചിരുന്നതായാണ് റിപ്പോര്‍ട്ട്.

അക്രമികളില്‍ മൂന്ന് പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.രോഹിതിന് ക്രിമിനല്‍ പശ്ചാത്തലമുള്ളതായാണ് പൊലീസിന്റെ കണ്ടെത്തല്‍.

ഹരിയാനയിലെ സോനപത് സ്വദേശിയാണ് രോഹിത്. രോഹിതിന്റെ പിതാവ് ജോഗിന്ദര്‍ കാപ്ര ഇപ്പോള്‍ ഒരു സ്പോര്‍ട്സ് അക്കാദമിയില്‍ വോളിബോള്‍ പരിശീലകനാണ്. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായി വിരമിച്ചയാളാണ് ജോഗിന്ദര്‍.മരണശേഷം തന്റെ കണ്ണുകള്‍ ദാനം നല്‍കണമെന്ന് രോഹിത്തിന്റെ ആഗ്രഹമായിരുന്നു. ഇതേ തുടര്‍ന്ന് രോഹിത്തിന്റെ കണ്ണുകള്‍ ദാനം ചെയ്തിട്ടുണ്ടെന്ന് ബന്ധുക്കള്‍ അറിയിച്ചു