വസ്ത്രം ഇല്ലാത്തവര്‍ക്കായി മേല്‍മുണ്ട് ഉരിഞ്ഞു നല്‍കിയ ഗാന്ധിജിയുടെ ചിത്രം ഇരുന്നിടത്ത് സ്വന്തം കോട്ടില്‍ പേരെഴുതിയ ആളുടെ ചിത്രം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീന പ്രവര്‍ത്തി;ഖാദി കമ്മീഷന്‍ കലണ്ടറില്‍ നിന്നു ഗാന്ധിജിയെ നീക്കിയതിനെതിരെ ചെന്നിത്തല

single-img
14 January 2017


തിരുവനന്തപുരം: ഖാദി കമ്മിഷന്റെ കലണ്ടറില്‍ നിന്നും ഗാന്ധിജിയുടെ ചിത്രം നീക്കി പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗാന്ധിജിയെ കലണ്ടറില്‍ നിന്നും നീക്കാനേ മോദിക്കും ബി.ജെ.പിയ്ക്കും കഴിയൂ ജനമനസ്സില്‍ നിന്നും മാറ്റാന്‍ കഴിയില്ലെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. ഫേസ് ബുക്കിലൂടെയായിരുന്നു ചെന്നിത്തലയുടെ പ്രതികരണം.

ഖാദി വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ പുറത്തിറക്കിയ കലണ്ടറുകളിലും ഡയറികളിലുമായിരുന്നു രാഷ്ട്ര പിതാവിന്റെ ചിത്രത്തിനു പകരം ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന മോദിയുടെ ചിത്രം നല്‍കിയത്. ഖാദി കമ്മീഷന്റെ നടപടിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്തമാകുകയാണ്. ഇന്നലെ ഖാദി ജീവനക്കാര്‍ വായ മൂടിക്കെട്ടി പ്രതിഷേധിച്ചിട്ടുമുണ്ടായിരുന്നു.

കമ്മീഷന്‍ ചെയര്‍മാന്‍ ഇതിനെ ന്യായീകരിക്കുകയാണുണ്ടായത്. ഏറെ കാലമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഖാദി വസ്ത്രങ്ങള്‍ ധരിക്കുന്നുണ്ടെന്നും ഖാദി വസ്ത്രങ്ങളെ ധരിക്കാന്‍ ജനങ്ങളെ മോദി പ്രേരിപ്പിക്കുന്നുണ്ടെന്നും അതിനാല്‍ ഖാദിയുടെ ഏറ്റവും വലിയ ബ്രാന്‍ഡ് അംബാസിഡറാണ് മോദിയെന്നുമായിരുന്നു ഖാദി കമ്മീഷന്‍ ചെയര്‍മാന്‍ വിനയ് കുമാര്‍ സക്‌സേന പറഞ്ഞത്. ഇത്തരം സംഭവങ്ങള്‍ ഇതിനു മുന്നേയും നടന്നിട്ടുണ്ടെന്നും സക്‌സേന വിശദീകരിച്ചു.

1948 ജനുവരിയില്‍ ഗാന്ധിജിയെ ഭൂമുഖത്തു നിന്നും ഇല്ലാതാക്കി, ഇപ്പോള്‍ 2017 ജനുവരിയില്‍ കലണ്ടറില്‍ നിന്നെന്നും വസ്ത്രം ഇല്ലാത്തവര്‍ക്കായി മേല്‍മുണ്ട് ഉരിഞ്ഞു നല്‍കിയ ഗാന്ധിജിയുടെ ചിത്രം ഇരുന്നിടത്ത് സ്വന്തം കോട്ടില്‍ പേരെഴുതിയ ആളുടെ ചിത്രം അച്ചടിച്ചത് അങ്ങേയറ്റത്തെ ഹീന പ്രവര്‍ത്തിയാണെന്നും പറഞ്ഞ ചെന്നിത്തല ഗുജറാത്തില്‍ ജനിച്ചത് കൊണ്ട് ഗാന്ധിയാകില്ലെന്നും അധികാരത്തിന്റെ ഹൂങ്കില്‍ എന്തും ചെയ്യാമെന്നു കരുതിയാല്‍ ഇന്ത്യയിലെ ജനങ്ങള്‍ മാപ്പ് നല്‍കില്ലെന്നും കൂട്ടിച്ചേര്‍ത്തു.