നോട്ട് അസാധുവാക്കൽ പ്രതിച്ഛായ മോശമാക്കിയെന്ന് ആർബിഐ ജീവനക്കാർ;ദശകങ്ങൾ കൊണ്ട് ആർബിഐ നേടിയെടുത്ത പ്രവർത്തന മികവ് ഒന്നുമില്ലാതായത് വളരെക്കുറഞ്ഞ സമയം കൊണ്ട്

single-img
14 January 2017


മുംബൈ∙ കഴിഞ്ഞ നവംബർ എട്ടിനു പ്രഖ്യാപിച്ച നോട്ട് അസാധുവാക്കലിനെത്തുടർന്നുണ്ടായ സംഭവവികാസങ്ങൾ അപമാനിക്കുന്നതാണെന്നു കാട്ടി റിസർവ് ബാങ്ക് ജീവനക്കാർ ആർബിഐ ഗവർണർ ഊർജിത് പട്ടേലിനു കത്തെഴുതി. പ്രവർത്തനരീതിയിലെ പിടിപ്പുകേടുകൊണ്ട് ആർബിഐയുടെ സ്വയംഭരണാവകാശവും പ്രതിച്ഛായയും തീർത്തും മോശമായി. മാത്രമല്ല, കറൻസി മാനേജ്മെന്റിന്റെ മേൽനോട്ടത്തിനായി ധനമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ നിയമിക്കാനുള്ള സർക്കാരിന്റെ നടപടി പ്രകടമായ കടന്നുകയറ്റമാണെന്നും കത്തിൽ പറയുന്നു. ജീവനക്കാരുടെ ദശകങ്ങളായുള്ള പ്രവൃത്തികളും വിവേക ബുദ്ധിയോടു കൂടിയ നയരൂപീകരണവും കൊണ്ട് ആർബിഐ നേടിയെടുത്ത പ്രവർത്തന മികവും സ്വാതന്ത്ര്യവും വളരെക്കുറഞ്ഞ സമയം കൊണ്ടാണ് ഒന്നുമില്ലാതായത്. ഇക്കാര്യത്തിൽ അങ്ങേയറ്റത്തെ വേദന തങ്ങൾക്കുണ്ടെന്നും കത്തിൽ പറയുന്നു.

യുണൈറ്റഡ് ഫോറം ഓഫ് റിസർവ് ബാങ്ക് ഓഫിസേഴ്സ് ആൻഡ് എംപ്ലോയീസ് എഴുതിയ കത്തിനെക്കുറിച്ചു ജീവനക്കാരുടെ സംഘടനകളായ ഓൾ ഇന്ത്യ റിസർവ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ പ്രതിനിധി സമീർ ഘോഷും ഓൾ ഇന്ത്യ റിസർവ് ബാങ്ക് വർക്കേഴ്സ് ഫെഡറേഷൻ പ്രതിനിധി സൂര്യകാന്ത് മഹാദിക്കും സ്ഥിരീകരിച്ചിട്ടുണ്ട്. . റിസർവ് ബാങ്കിന്റെ 18,000ൽ അധികം ജീവനക്കാരെ പ്രതിനിധീകരിക്കുന്ന നാല് സംഘടനകളാണു കത്തയച്ചിരിക്കുന്നത്.
വിഷയത്തിൽ ഊർജിത് പട്ടേൽ ഉടൻ ഇടപെടണമെന്നും ജീവനക്കാർക്കുമേലുള്ള ഈ അപമാനം നീക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. 1935 മുതൽ കറൻസി മാനേജ്മെന്റ് നടത്തുന്നത് ആർബിഐ ആണ്. ഇതിന് ധനമന്ത്രാലയത്തിന്റെ സഹായം ആവശ്യമില്ലെന്ന് കത്തിൽ പറഞ്ഞിരിയ്ക്കുന്നു.