നോട്ട് അസാധുവാക്കലിനു പിന്നാലെ 1000 കോടിയുടെ കള്ളപ്പണം വെളുപ്പിച്ചതായി കണ്ടെത്തല്‍; ജന്‍ധന്‍ അക്കൗണ്ടുകൾ വഴിയാണു കള്ളപ്പണം വെളുപ്പിച്ചത്

single-img
14 January 2017

ബംഗളൂരു: രാജ്യത്ത് നോട്ട് അസാധുവാക്കിയതിനുപിന്നാലെ കോടികളുടെ കള്ളപ്പണമാണ് ഭട്കലിലേക്ക് ഒഴുകിയത് . മൂന്ന് ബാങ്കുകള്‍ വഴി 1000 കോടിയിലേറെ വരുന്ന കള്ളപ്പണം വെളുപ്പിച്ചതായാണ് അന്വേഷണവിഭാഗത്തിന് കിട്ടിയ രഹസ്യവിവരം. ഭട്കലിലെ ഒരു സഹകരണ ബാങ്കും പുതുതലമുറയില്‍പ്പെട്ട മറ്റ് രണ്ട് ബാങ്കുകളും കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ചതായാണ് വിവരം.

രാജ്യത്തെ ഹവാല റാക്കറ്റിന്റെ കേന്ദ്രമാണ് ഭട്കല്‍. ഹവാല റാക്കറ്റിലെ കണ്ണികള്‍ രംഗത്തിറങ്ങിയതോടെ പണം വെളുപ്പിക്കല്‍ വര്‍ധിച്ചു. ബണ്ടിബയാര്‍ വഴിയാണ് മുംബൈയില്‍നിന്നുള്ള കള്ളപ്പണം ഭട്കലിലേക്ക് ഒഴുകിയത്. പണം വെളുപ്പിച്ച് നല്‍കിയ കമ്മിഷന്‍ തുകതന്നെ കോടികളുമാണ്. .ശിവാജിനഗര്‍ മാര്‍ക്കറ്റ് വഴിയാണ് ബംഗളൂരുവില്‍നിന്നുള്ള കള്ളപ്പണം ഭട്കലില്‍ എത്തിയത്.

ബംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഭട്കല്‍ ആയാദ് നഗര്‍ സ്വദേശിയാണ് ഇതിന് ചുക്കാന്‍പിടിച്ചതെന്നാണ് വിവരം. ശിവാജി മാര്‍ക്കറ്റിലെ ചില കടക്കാരെ ഇവര്‍ ഏജന്റുമാരാക്കി പഴയ നോട്ടുമായി സ്വര്‍ണം വാങ്ങാനെത്തിയ ചിലരും ഇതില്‍ കണ്ണികളാായി. കുന്ദാപുരംവരെ ബസിലും തുടര്‍ന്ന് ടാക്‌സികളിലുമാണ് ഇവര്‍ കള്ളപ്പണം ഭട്കലില്‍ എത്തിച്ച് വെളുപ്പിച്ചത്.

ശിവാജിനഗറിലെ ഒരു വ്യക്തി പ്രതിദിനം അഞ്ചുകോടിയാണ് വെളുപ്പിച്ച് നല്‍കിയത്. ഗോവയിലെ കള്ളപ്പണക്കാര്‍ക്ക് തുണയായത് ഭട്കല്‍ സ്വദേശിതന്നെ. ഇയാള്‍ ബലാല്‍കൊണ്ടയിലെ പുതുതലമുറ ബാങ്ക് വഴിയാണ്‌കോടികള്‍ വെളുപ്പിച്ചത്. ഭട്കല്‍ സെക്കന്‍ഡ് സ്ട്രീറ്റില്‍നിന്നുള്ള മറ്റൊരു യുവാവും പ്രാദേശികമായി എത്തിയ കള്ളപ്പണം വെളുപ്പിച്ചതിന് കൂട്ടുനിന്നതായി പരിസരവാസികള്‍ പറയുന്നു.

മഹാനഗരങ്ങളില്‍നിന്ന് എത്തിയ കള്ളപ്പണത്തേക്കാള്‍ പ്രാദേശികമായി കള്ളപ്പണം വെളുപ്പിക്കാനെത്തിയെന്ന സൂചനയാണ് ഇത് നല്‍കുന്നത്. ദക്ഷിണ കന്നഡ, ഉഡുപ്പി തുടങ്ങിയ അയല്‍ജില്ലകളില്‍നിന്ന് എത്തിയ കോടികള്‍ വെളുപ്പിച്ചതായാണ് സൂചന. രാജ്യത്ത് തലവരിപ്പണം ഏറെ കൈകാര്യം ചെയ്യുന്ന നഗരങ്ങളായാണ് മംഗളൂരരുവും ഉഡുപ്പിയും അറിയപ്പെടുന്നത്. ആ തുകയെല്ലാം കണക്കില്‍പ്പെടാത്തതാണ്.

ജന്‍ധന്‍ അക്കൗണ്ടുകളില്‍ ക്രമക്കേട് കാണിച്ചാണ് കള്ളപ്പണക്കാരെ സഹായിച്ചത്. മുഴുവന്‍ അക്കൗണ്ടുകളിലും 50,000ല്‍ താഴെ മാത്രമാണ് നിക്ഷേപം കാണിച്ചതെന്നതിനാല്‍ സുരക്ഷിതരാണെന്നും ഇവര്‍ കരുതുന്നു. കേന്ദ്രതലത്തില്‍ ഇപ്പോഴത്തെ പരിശോധനപോലും രണ്ടുലക്ഷത്തിനു മേലെവന്ന നിക്ഷേപങ്ങളെക്കുറിച്ചാണ്.