ഹരിയാനയിലെ കര്‍ഷകര്‍ സഹായമഭ്യര്‍ത്ഥിച്ച് ചൈനീസ് പ്രധാന മന്ത്രിയ്ക്ക് കത്തയച്ചു;ഭൂമി തര്‍ക്കത്തില്‍ തങ്ങള്‍ക്കനുകൂലമായി ഇടപെടണമെന്നാണാവശ്യം

single-img
14 January 2017

ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരുമായുള്ള ഭൂമി തര്‍ക്കത്തില്‍ തങ്ങള്‍ക്കനുകൂലമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഹരിയാനയിലെ സോണിയാപത് ജില്ലയിലെ കര്‍ഷകര്‍ ചൈനീസ് പ്രധാനമന്ത്രി ലി കെചിയാംഗിനു കത്തയച്ചു.

2105 ല്‍ ചൈനീസ് കമ്പനിയായ വാന്‍ഡാ ഗ്രൂപ്പിന്റെ സഹകരണത്തോടെ വ്യാവസായിക ടൗണ്‍ഷിപ്പ് പദ്ധതി ആരംഭിക്കുന്നതിനു വേണ്ടിയായിരുന്നു 3000 ഏക്കര്‍ ഭൂമി ഹരിയാന സര്‍ക്കാര്‍ ഏറ്റെടുത്തത്. എന്നാല്‍ തങ്ങള്‍ക്ക് യാതൊരുവിധ നഷ്ട പരിഹാരവും നല്‍കാതെയായിരുന്നു സര്‍ക്കാര്‍ നടപടിയെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. പ്രദേശവാസികളുടെ എതിര്‍പ്പ് ഇതുവരെ ഹരിയാന സര്‍ക്കാര്‍ കമ്പനിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ലെന്നും മറ്റൊരു വഴിയും ഇല്ലാത്തതിനാലാണ് ചൈനീസ് പ്രധാന മന്ത്രിയോട് സഹായമഭ്യര്‍ത്ഥിക്കുന്നതെന്നും സംഘടന വ്യക്തമാക്കുന്നു.

പതിനായിരത്തോളം കുടുംബങ്ങള്‍ അംഗമായിട്ടുള്ള ഭൂമി ബച്ചാവോ സംഘര്‍ഷ് സമിതി ഓഫ് കുണ്ടാലാണ് ഖര്‍കോഡയില്‍ ആരംഭിക്കാനിരിക്കുന്ന വ്യാവസായിക പദ്ധതിക്കെതിരെ ചൈനീസ് പ്രധാന മന്ത്രിക്ക് സഹായമഭ്യര്‍ത്ഥിച്ച് കത്തെഴുതിയിരിക്കുന്നത്. തങ്ങളുടെ ഭൂമിയുടെ അവകാശം സര്‍ക്കാരിനു കൈമാറിയിട്ടില്ലെന്നും തങ്ങളുടെ അവസാന ശ്വാസം വരെ അത് നല്‍കുകയില്ലെന്നുമാണ് കര്‍ഷകര്‍ പറയുന്നത്.

ഉയര്‍ന്ന നഷ്ട പരിഹാര തുകയും പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ അതിന്റെ ഗുണങ്ങളും തങ്ങള്‍ക്ക് ലഭ്യമാക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നുണ്ട്. ഇന്ത്യയിലെ കഷകരും തൊഴിലാളി വര്‍ഗവുമായ ഞങ്ങളുടെ പ്രശ്‌നത്തില്‍ ചൈനീസ് സര്‍ക്കാര്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തണമെന്ന് അപേക്ഷിക്കുകയാണ്. അല്ലെങ്കില്‍ അത് സാധാരണക്കാരന്റെ ക്ഷേമത്തിനും അതിജീവനത്തിനുമായി പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിസ്റ്റ് രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കുമെന്നും സംഘടന കത്തിലൂടെ ആവശ്യപ്പെടുന്നു.