മേലുദ്യോഗസ്ഥരുടെ പീഡനം വീഡിയോയിലൂടെ തുറന്നു പറഞ്ഞുകൊണ്ട് ഒരു ജവാന്‍ കൂടി രംഗത്ത്

single-img
13 January 2017

ന്യൂഡല്‍ഹി : സൈനികരുടെ ദുരിത ജീവിതം കഴിഞ്ഞ ദിവസം ബിഎസ്എഫ് ജവാന്‍ വീഡിയോയിലുടെ പുറത്തു വിട്ടതിന് പിന്നാലെ ജോലിക്കിടയില്‍ മേലുദ്യോഗസ്ഥരില്‍ നിന്ന് നേരിടുന്ന വിഷമതകളെ കുറിച്ചു വിവരിക്കുന്ന വീഡിയോയുമായി ആര്‍മി ജവാന്‍ രംഗത്ത്. വ്യാഴാഴ്ചയാണ് ഇയാളുടെ വീഡിയോ പുറത്ത് വന്നത്.

ഡെറാഡൂണിലെ 42 ഇന്‍ഫെന്‍ട്രി ബ്രിഗേഡിലെ ലാന്‍സ് നായിക് യജ്ഞ പ്രാതാപ് സിങ് ആണ് വീഡിയോയുമായി രംഗത്ത് വന്നത്. ജവാന്‍മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയതിന് പിന്നാലെ തന്നെ മേലുദ്യോഗസ്ഥര്‍ മാനസികമായി പീഡിപ്പിക്കുകയാണെന്നും ഇയാള്‍ വീഡിയോയിലൂടെ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂണിലാണ് ഇദ്ദേഹം തങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പ്രധാനമന്ത്രി, രാഷ്ട്രപതി, പ്രതിരോധ മന്ത്രി, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവര്‍ക്ക് കത്തയച്ചത്. ഇതിന് പിന്നാലെ ഇയാളുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് നിര്‍ദ്ദേശം ബ്രിഗേഡ് ആസ്ഥാനത്ത് ലഭിച്ചു.

എന്നാല്‍ ഇതിന് ശേഷം തനിക്കെതിരെ അകാരണമായി അന്വേഷണം നടത്തകയും മാനസികമായി പീഡിപ്പിക്കുകയുമാണെന്നാണ് യജ്ഞ പ്രാതാപ് സിങ് പറയുന്നത്. തന്നെ സൈനിക വിചാരണയ്ക്ക് വിധേയനാക്കാനാണ് ഇപ്പോള്‍ ശ്രമം നടക്കുന്നതെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതില്‍ താന്‍ ചെയ്ത തെറ്റ് എന്താണെന്നു മനസിലാവുന്നില്ലെന്നും ജവാന്‍ പറയുന്നു