എടിഎം തകരാറിലോ അല്ലെങ്കില്‍ ഉപഭോക്താവിന്റേതല്ലാത്ത കാരണത്താല്‍ പണം ലഭിക്കാതെ വന്നാലും സര്‍വ്വീസ് ചാര്‍ജുണ്ടാവില്ലെന്നു എസ്ബിഐ

single-img
13 January 2017

കൊച്ചി: സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടയില്‍ എടിഎമ്മില്‍ നിന്നും അഞ്ചു തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ അധികം ചാര്‍ജ് ഈടാക്കുമെന്ന നിയമം പ്രബല്യത്തില്‍ വന്നിരുന്നു. ബാലന്‍സ് എത്രയെന്ന് അറിയാനും മിനി സ്‌റ്റേറ്റ്‌മെന്റ് എടുക്കാനുമെല്ലാം എടിഎം ഉപയോഗിക്കുന്നത് ഓരോ ഇടപാടായി കണക്കാക്കുകയും ചെയ്യും. ഇതോടെ വലഞ്ഞത് സാധാരണക്കാരാണ്

എന്നാല്‍ എടിഎമ്മുകളില്‍ യന്ത്രത്തകരാര്‍ മൂലമോ, ഇടപാടുകാരന്‍ ഉദ്ദേശിച്ച ഇനം കറന്‍സി ഇല്ലാതിരുന്നാലോ സര്‍വീസ് ചാര്‍ജ് ഈടാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു. മാസത്തില്‍ അഞ്ച് തവണ എടിഎം ഉപയോഗത്തിന് സര്‍വീസ് ചാര്‍ജ് ഇല്ല. ആറാമത്തെ തവണ മുതല്‍ ഓരോ തവണയ്ക്കും 23 രൂപ ഈടാക്കുന്നതാണ്.

അഞ്ച് തവണ സൗജന്യത്തില്‍ പണം പിന്‍വലിക്കലും പണം നിക്ഷേപിക്കലും മാത്രമല്ല, ഇത്തരം എടിഎം ഉപയോഗങ്ങളും ഉള്‍പ്പെടും.എന്നാല്‍ യന്ത്രത്തകരാര്‍ മൂലം പണം ലഭിക്കാതെ വന്നാല്‍ ഇടപാടായി കണക്കാക്കില്ല. അതുപോലെ ഉദ്ദേശിച്ച തുക തരാന്‍ കഴിയാതിരുന്നാലും ഇടപാടായി കണക്കില്‍ കൂട്ടില്ല. 1500 രൂപ പിന്‍വലിക്കാന്‍ ശ്രമിക്കുകയും യന്ത്രത്തില്‍ 2000 നോട്ടുകള്‍ മാത്രം ഉണ്ടാവുകയും ചെയ്താല്‍ പണം ലഭിക്കില്ല. ഇത്തരത്തില്‍ ഉപഭോക്താവിന്റേതല്ലാത്ത കാരണമായതിനാല്‍ ഒരു ഇടപാട് ആയി അതു കണക്കാക്കില്ലെന്ന് എസ്ബിഐ വക്താവ് അറിയിച്ചു.

എസ്ബിഐ ഗ്രൂപ്പിലെ എല്ലാ ബാങ്കുകള്‍ക്കും ഇതേ വ്യവസ്ഥ ബാധകമാണ്. നോട്ട് നിരോധനം മൂലം ഡിസംബര്‍ 31 വരെ പരിധിയില്ലാതെ എല്ലാ എടിഎം ഇടപാടുകളും സൗജന്യമായിരുന്നു. ഈ മാസം എല്ലാവരും നിരക്ക് ഈടാക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇതിനെതിരെ വ്യാപക ആക്ഷേപം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് സേവന നിരക്ക് വ്യവസ്ഥയില്‍ വ്യക്തത എസ്ബിഐ വരുത്തിയത്.