മോഡി സര്‍ക്കാരിന്റെ ഏറ്റവും വലിയ അബദ്ധമാണ് നോട്ട് അസാധുവാക്കല്‍,കള്ളപ്പണനിയന്ത്രണം പരാജയപ്പെട്ടു; അമര്‍ത്യാസെന്‍

single-img
13 January 2017

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നോട്ട് നിരോധനം കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും വലിയ അബദ്ധമാണെന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ നൊബേല്‍ സമ്മാനം നേടിയ അമര്‍ത്യ സെന്‍. അഴിമതിക്ക് എതിരായ പോരാട്ടത്തിന് വേണ്ടിയാണെങ്കിലും കറന്‍സി രഹിത സമ്പദ്വ്യവസ്ഥയ്ക്ക് വേണ്ടി ആയാലും നോട്ട് നിരോധനം അബദ്ധമാണ്. കള്ളപ്പണത്തിന്റെ ആറോ ഏഴോ ശതമാനം മാത്രമേ കറന്‍സി രൂപത്തിലുണ്ടാകൂ. അത് തിരിച്ചു കൊണ്ടുവരാന്‍ രാജ്യത്തെ 86 ശതമാനം കറന്‍സിയും നിരോധിച്ച നടപടി തന്നെ ഞെട്ടിച്ചുവെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.

കറന്‍സി രൂപത്തില്‍ ആറോ ഏഴോ ശതമാനം കള്ളപ്പണം മാത്രമുണ്ടാകുമ്പോള്‍ എങ്ങനെയാണ് നോട്ട് നിരോധനം വിജയമെന്ന് അവകാശപ്പെടാന്‍ സാധിക്കുക. ഇന്ത്യയിലെ വലിയൊരു വിഭാഗം ജനത്തെ നോട്ട് നിരോധനം പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. എന്നിട്ടും ഒരു വിഭാഗം മോഡിയെ പിന്തുണയ്ക്കുന്നു. അതിന്റെ കാരണം ജനത്തെ സ്വാധീനിക്കാനുള്ള മോഡിയെന്ന രാഷ്ട്രീയ നേതാവിന്റെ കഴിവാണ്.നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്‍കിയ ഉത്തരവ് പാലിക്കുക മാത്രമാണ് റിസര്‍വ് ബാങ്ക് ചെയ്തത്. കള്ളപ്പണവും അഴിമതിയുമെല്ലാം രാജ്യത്ത് പഴയപോലെ തുടരുമെന്നും അമര്‍ത്യ സെന്‍ പറഞ്ഞു.