ഓര്‍മവെയ്ക്കും മുന്‍പേ വിധി അടര്‍ത്തി മാറ്റിയ ഇരട്ട കുട്ടികള്‍ പത്താം വയസില്‍ കണ്ടുമുട്ടി, ഇനിയവര്‍ ഒന്നിച്ച് സ്വപ്‌നങ്ങളുടെ ലോകത്തേക്ക്…

single-img
13 January 2017

ഓര്‍മവയ്ക്കും മുന്‍പേ മൈലുകള്‍ക്കപ്പുറത്തേക്ക് പറിച്ചുനടപ്പെട്ട ഇരട്ട കുട്ടികള്‍.ഒരു കൂടെപ്പിറപ്പ് ജീവിച്ചിരിപ്പുണ്ടെന്നുപോലും അറിയാതെ ഇരുവരും വളര്‍ന്നു. ഒടുവില്‍ ഒരു ദശാബ്ദത്തിനു ശേഷം കൂടിക്കാഴ്ച.കണ്ടുമുട്ടിയപ്പോള്‍ കുഞ്ഞുമനസ്സുകള്‍ പൊട്ടികരഞ്ഞു.അവരുടെ മനസ്സുകള്‍ സന്തോഷം കൊണ്ട് തുള്ളിച്ചാടി.

കഥയിങ്ങനെയാണ്..

ഗ്രേസ് റെയിന്‍സ്‌ബെറിയും ഓഡ്രി ഡോറിങ്ങും ഇരട്ടകളായാണു ജനിച്ചത്. ചൈനക്കാരായിരുന്നു ഇരുവരും. ജനനശേഷം ഇരുവരും എങ്ങനെയോ ഒരു ഓര്‍ഫനേജില്‍ എത്തി. അവിടെനിന്ന് രണ്ടു കുടുംബങ്ങള്‍ ഇവരെ ദത്തെടുത്തു അമേരിക്കയിലുള്ള കുടുംബങ്ങളാണ് ഇരുവരേയും ദത്തെടുത്തത്. ഇരട്ട കുട്ടികളാണെന്ന കാര്യമോ തന്റെ കുട്ടിക്കൊപ്പം ജനിച്ചയാള്‍ ജീവിച്ചിരിപ്പുണ്ടെന്നതോ ദത്തെടുത്ത മാതാപിതാക്കള്‍ക്ക് അറിയില്ലായിരുന്നു.

ഓഡ്രി വാഷിങ്ടണില്‍നിന്ന് 1500 മൈല്‍ അകലെയുള്ള വിസ്‌കോസിനിലെ വാവുസുവിലുമുള്ള കുടുംബത്തിലും,ഗ്രേസ് വാഷിങ്ടണിലെ റിച്‌ലാന്‍ഡിലും വളര്‍ന്നു.കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും കൂടിച്ചേരുന്നതിന് ഇടയായ ആകസ്മിക സംഭവം. ഓഡ്രിയുടെ അമ്മ ഒരു ചിത്രം കണ്ടു. ഇവരുടെ ചൈനക്കാരിയായ യഥാര്‍ഥ അമ്മയ്‌ക്കൊപ്പം ഇരുവരും ഇരിക്കുന്ന ചിത്രം ഇരട്ടക്കുട്ടികളാണെന്നു മനസിലായതോടെ മറ്റേയാളെ കണ്ടെത്താന്‍ ഓഡ്രിന്റെ അമ്മ ശ്രമം തുടങ്ങി ഒടുവില്‍ കണ്ടെത്തുകയായിരുന്നു. ഈ ക്രിസ്മസിന് തനിക്ക് ഒരു സഹോദരിയെ കൂട്ടുകാരിയായി വേണമെന്ന് ഓഡ്രിന്‍ അമ്മയോടു പറഞ്ഞു. തന്റെ സ്വന്തം സഹോദരിയെ കണ്ടെത്തിയ കാര്യം അതുവരെ അമ്മ ഓഡ്രിയെ അറിയിച്ചിരുന്നില്ല. ക്രിസ്മസ് സമ്മാനമായി സഹോദരിയുടെ ചിത്രം ഓഡ്രിയെ കാണിച്ചു.സന്തോഷം കൊണ്ട് അവള്‍ തുള്ളിച്ചാടി കുട്ടികള്‍ ഇരുവരും ഫേസ്‌ടൈമിലൂടെ സംസാരിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച ആ കുഞ്ഞു ഹൃദയങ്ങള്‍ നേരിട്ടു കണ്ടു. കാഴ്ചയില്‍ കാര്യമായ ഒരു വ്യത്യാസവും ഇരുവരും തമ്മിലില്ല. ഇരുവരും കണ്ണട ധരിക്കുന്നു. ഹെയര്‍സ്‌റ്റൈലും നിറവും തുടങ്ങി എല്ലാം ഒരുപോലെ. എബിസി ന്യൂസ് എന്ന അമേരിക്കന്‍ ടിവി ചാനലിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരുടേയും കൂടിക്കാഴ്ച ലോകം കണ്ടു.

https://www.youtube.com/watch?v=Rit0vLBtSXI