അര്‍ണബ് ഗോസ്വാമിയുടെ പുതിയ ചാനലില്‍ രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖറിന് 30 കോടിയിലധികം നിക്ഷേപം

single-img
13 January 2017

ന്യൂഡല്‍ഹി: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമി എഡിറ്ററായി ആരംഭിക്കുന്ന റിപ്പബ്ലിക് എന്ന പുതിയ ചാനലില്‍ കേരളത്തിലെ എന്‍.ഡി.എ വൈസ് ചെയര്‍മാനും രാജ്യസഭാംഗവുമായ രാജീവ് ചന്ദ്രശേഖറിനും നിക്ഷേപം. ടൈംസ് നൗ ചാനലില്‍ നിന്ന് രാജിവെച്ച അര്‍ണബ് തുടങ്ങുന്ന പുതിയ ചാനലിന്റെ ഉടമസ്ഥരായ എ.ആര്‍.ജി ഔട്ട്ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡില്‍ രാജീവ് ചന്ദ്രശേഖര്‍ 30 കോടിയിലധികം നിക്ഷേപമിറക്കിയതായാണ് റിപ്പോര്‍ട്ട്.എ.ആര്‍.ജി ഔട്ട്ലിയറിന്റെ എം.ഡിയായി കഴിഞ്ഞ നവംബറിലാണ് അര്‍ണബ് ഗോസ്വാമി നിയമിതനായത്. അര്‍ണബാണ് പുതിയ കമ്പനിയിലെ പ്രധാന നിക്ഷേപകന്‍.

ഏഷ്യാനെറ്റ് ന്യൂസ് അടക്കമുള്ള നിരവധി ചാനലുകളുടെ ഉടമയാണ് രാജീവ് ചന്ദ്രശേഖര്‍. അര്‍ണബും ഭാര്യ സമയബ്രതറായ് ഗോസ്വാമിയും ഡയറക്ടര്‍മാരായ സാര്‍ഗ് മീഡിയയാണ് പുതിയ ചാനലിലെ പ്രധാന നിക്ഷേപകര്‍. മോഹന്‍ദാസ് പൈ സ്ഥാപിച്ച ആരിന്‍ കാപ്പിറ്റര്‍ പാര്‍ട്ണേഴ്സ് 7.5 കോടി രൂപയും പുതിയ ചാനല്‍ കമ്പനിയില്‍ നിക്ഷേപമിറക്കിയിട്ടുണ്ട്.എ.ആര്‍.ജി ഔട്ട് ലിയര്‍ കമ്പനിയാണ് പുതുതായി ആരംഭിക്കുന്ന റിപ്പബ്ലിക് ചാനലിന്റെ ഉടമകള്‍.