തുഗ്ലക്കിനെകുറിച്ചു പറയുമ്പോള്‍ ബിജെപിക്കാന്‍ പ്രതിഷേധിക്കുന്നത് എന്തിനെന്ന് തോമസ് ഐസക്

single-img
12 January 2017

തിരുവനന്തപുരം: എം.ടി.വാസുദേവന്‍ നായര്‍ക്കും സംവിധായകന്‍ കമലിനുമെതിരായ സംഘപരിവാര്‍ പ്രതിഷേധം വര്‍ഗവെറിയുടെ ഉദാഹരണമാണെന്ന് ധനമന്ത്രി തോമസ് ഐസക്. തന്റെ പുസ്തക പ്രകാശന ചടങ്ങില്‍ എംടി മണ്ടത്തരങ്ങളുടെ കുലപതിയായ മുഹമ്മദ് ബിന്‍ തുഗ്ലക്കിനെപ്പറ്റിയാണു സംസാരിച്ചതെന്നും ഇത് എങ്ങനെയാണ് സംഘികളെ പ്രകോപിപ്പിച്ചതെന്നും തോമസ് ഐസക് ചോദിക്കുന്നു.
തുഗ്ലക്ക് എന്നു കേട്ടപ്പോള്‍ തങ്ങളുടെ ഏതോ നേതാവിനെ ബിജെപി ക്കാര്‍ക്ക് ഓര്‍മ്മ വന്നതാകാം എന്നാണ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഐസക് പറയുന്നത്.

ദേശീയഗാനം പാടിയപ്പോള്‍ കമല്‍ എഴുന്നേല്‍ക്കാതിരുന്നിട്ടില്ല. മറിച്ച്, ചലച്ചിത്രോത്സവ പ്രതിനിധികള്‍ എഴുന്നേറ്റുനിന്നു സഹകരിക്കണമെന്ന് അഭ്യര്‍ഥിക്കുകയാണു ചെയ്തത്. എന്നിട്ടും കമലിനെതിരെ ആക്രമണം അഴിച്ചുവിട്ടതില്‍ അവരുടെ മനസിലെ മുറ്റിയ കാളകൂടവിഷം അല്ലാതെ മറ്റൊന്നുമില്ലെന്നും ധനമന്ത്രി പറഞ്ഞു.

ഭയപ്പെടുത്തിനിര്‍ത്തലും എതിര്‍ശബ്ദങ്ങളെ ഭയക്കലും അസഹിഷ്ണുതയും തന്നെയാണ് സംഘപരിവാറിലെ എല്ലാവരിലും കാണുന്നതെന്നും കമലിനെതിരായ ആക്രമണങ്ങള്‍ക്കു പിന്നിലും ഇതാണുള്ളതെന്നും അദ്ദേഹം പറയുന്നു.