അതിര്‍ത്തിയില്‍ പട്ടിണി;സൈനികന്റെ ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി.

single-img
12 January 2017

ന്യുഡല്‍ഹി:സൈനികര്‍ക്ക് നല്ല ഭക്ഷണം പോലും കൊടുക്കാതെ ജവാന്മാര്‍ക്കുള്ള റേഷന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വെട്ടിക്കുന്നുവെന്ന ബി.എസ്.എഫ് സൈനികന്റെ ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് വിശദീകരണം തേടി. ആഭ്യന്തര മന്ത്രാലയത്തോടാണ് റിപ്പോര്‍ട്ട് തേടിയത്. തേജ് ബഹാദൂര്‍ യാദവ് എന്ന ജവാനാണ് ഫെയ്സ്ബുക്ക് വഴി വീഡിയോ സന്ദേശം ജനങ്ങളെ അറിയിച്ചത്.

സൈനിക ക്യാമ്പുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് ഭക്ഷണ സാധനങ്ങള്‍ മുതല്‍ പെട്രോളും ഫര്‍ണീച്ചറും വരെ ലഭിക്കാറുണ്ടെന്ന് സമീപവാസികളും ജവാന്റെ ഭാര്യയും വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. പരാതിയെ തുടര്‍ന്ന് സൈനിക ക്യാമ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരം പരിശോധിക്കാന്‍ സൈന്യത്തിന് കര്‍ശന നിര്‍ദേശവും നല്‍കിയിരുന്നു.

പ്രധാനമന്ത്രി പ്രശ്നത്തില്‍ ഇടപെട്ടതില്‍ സന്തോഷമുണ്ടെന്ന് തേജ് ബഹാദൂറിന്റെ ഭാര്യ ശര്‍മ്മിള പറഞ്ഞു. പ്രശ്നം പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്താനുള്ള തന്റെ ഭര്‍ത്താവിന്റെ ശ്രമം വിജയിച്ചു. അതിര്‍ത്തിയില്‍ കഴിയുന്ന മറ്റ് സൈനികര്‍ക്കും മെച്ചപ്പെട്ട സൗകര്യം ലഭിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും ശര്‍മ്മിള പറഞ്ഞു.

പരാതി പുറത്തുവിട്ടതിന് തന്റെ ഭര്‍ത്താവിന് ഭീഷണിയുണ്ടെന്നും പരാതി പിന്‍വലിക്കാനും മാപ്പുപറയാനും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുന്നുണ്ടെന്നും ശര്‍മ്മിള ആരോപിച്ചു. വിശക്കുന്ന വയറുമായി അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന സൈനികരുടെ അവസ്ഥ ജനുവരി എട്ടിന് പുറത്തുവിട്ട വീഡിയോ സന്ദേശത്തിലാണ് തേജ് ബഹാദൂര്‍ വ്യക്തമാക്കിയത്. ഇതേതുടര്‍ന്ന് തേജ് ബഹാദൂറിനെ മറ്റൊരു സൈനിക ക്യാമ്പിലെ പ്ലംബിംഗ് ജോലിയിലേക്ക് മാറ്റി.സര്‍ക്കാരുകള്‍ മാറിയാലും ഞങ്ങളുടെ സ്ഥിതിയില്‍ മാറ്റമില്ല. ഒരു പൊറോട്ടയും ചായയുമാണ് പ്രഭാത ഭക്ഷണമായി ലഭിക്കുന്നത്. ഉച്ചഭക്ഷണമായി ലഭിക്കുന്ന റൊട്ടിയ്ക്കൊപ്പം മഞ്ഞള്‍ കലക്കിയ വെള്ളമാണ് കറിയായി ലഭിക്കുന്നതെന്നും വീഡിയോയില്‍ പറഞ്ഞിരുന്നു.