ക്രിക്കറ്റ് താരം സഞ്ജു സാംസണിനും പിതാവിനും കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്

single-img
12 January 2017

കൊച്ചി: മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ന്റെ മോശം പെരുമാറ്റത്തിന് കേരള ക്രിക്കറ്റ് അസോസിയേഷന്റെ താക്കീത്. താരം ഇനിമുതല്‍ കെസിഎയുടെ കര്‍ശന നിരീക്ഷണത്തിലായിരിക്കും. സഞ്ജുവിന്റെ അച്ഛനെ കെസിഎ വിലക്കുകയും ചെയ്തു. നവംബര്‍ പതിനഞ്ചിന് മുംബൈയില്‍ ഗോവയ്‌ക്കെതിരായ കേരളത്തിന്റെ രഞ്ജി ട്രോഫി മത്സരത്തിനിടെ ആയിരുന്നു വിവാദസംഭവം.

മത്സരത്തിനിടെ സഞ്ജു ഡ്രെസിങ്ങ് റൂമില്‍ അപമര്യാദയായി പെരുമാറുകയും ക്രിക്കറ്റ് ബാറ്റ് നിലത്തടിച്ചു പൊട്ടിക്കുകയും അനുവാദമില്ലാതെ ഹോട്ടലിനു പുറത്തു പോയതുമാണ് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നത്. സംഭവത്തിന് ശേഷം കെസിഎ പ്രസിഡണ്ടും മുന്‍ ബിസിസിഐ വൈസ് പ്രസിഡണ്ടുമായ ടിസി മാത്യൂവിനോട് സഞ്ജുവിന്റെ പിതാവ് ഫോണില്‍ അപമര്യാദയായി സംസാരിച്ചതും വിവാദമായിരുന്നു.

ഇതോടെ കോച്ച്, കെസിഎ ഭാരവാഹികള്‍ എന്നിവരുമായി ഇടപഴകാന്‍ പാടില്ല. കളിസ്ഥലം, പരിശീലന വേദി എന്നിവിടങ്ങളില്‍ അനുവാദമില്ലാതെ സാംസണ് പ്രവേശിക്കാനാകില്ല. സഞ്ജുവും അച്ഛന്‍ സാംസണും തെറ്റുപറ്റിയെന്ന് എഴുതി നല്‍കിയെന്ന് കെസിഎ പറഞ്ഞു. തെറ്റു ഏറ്റുപറഞ്ഞ സാഹചര്യത്തില്‍ താരത്തിനെതിരെ കടുത്ത നടപടി വേണ്ടെന്ന നിലപാടിലായിരുന്നു കെസിഎ നിയോഗിച്ച അന്വേഷണ കമ്മീഷന്‍.

എന്നാല്‍ സഞ്ജു ടീമിലെ മുതിര്‍ന്ന താരമാണെങ്കിലും അച്ചടക്കം പ്രധാനമാണെന്ന സന്ദേശം പുതിയ തലമുറയ്ക്ക് നല്‍കാനും മുന്നറിയിപ്പെന്ന നിലയിലും അച്ചടക്ക നടപടി പൂര്‍ണമായും ഒഴിവാക്കരുതെന്ന അഭിപ്രായമായിരുന്നു കെസിഎ സെന്‍ട്രല്‍ കൗണ്‍സിലിന്റേത്.