എൻറെ ഭർത്താവ് എവിടെ ?അധികൃതര്‍ നല്ല ഭക്ഷണം നല്‍കാറില്ലെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട ജവാനെക്കുറിച്ച് തിങ്കളാഴ്ച വൈകുന്നേരം മുതല്‍ യാതൊരു വിവരവുമില്ലെന്ന് ഭാര്യ

single-img
11 January 2017


ന്യൂദല്‍ഹി:യോഗ്യമല്ലാത്ത ഭക്ഷണമാണ് ജവാന്മാര്‍ക്ക് നല്‍കുന്നത് എന്ന് പരാതിപ്പെട്ട ബി.എസ്.എഫ് ജവാനെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ഭാര്യ. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ അദ്ദേഹവുമായി ആശയംവിനിമയം നടത്താന്‍ സാധിച്ചിട്ടില്ലെന്നും തേജ് ബഹദൂറിന്റെ ഫേസ്ബുക്ക് പേജിലൂടെ ഭാര്യ
അറിയിച്ചു.

നല്ല ഭക്ഷണം കിട്ടാതെ പലപ്പോഴും ഒട്ടിയ വയറുമായാണ് കിടക്കുക എന്നും പറഞ്ഞ് ലഭിക്കുന്ന ഭക്ഷണ സാമഗ്രികളുടെ വീഡിയോ സഹിതം തേജ് ബഹദൂര്‍ യാദവ് എന്ന ബി.എസ്.എഫ് ജവാന്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഇത് ഏറെ ചര്‍ച്ചയാവുകയും ആഭ്യന്തര വകുപ്പ് ഇതുസംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.അധികൃതര്‍ ശക്തരാണ്.എന്റെ അസവസ്ഥ ഇനിയെന്താകുമെന്ന് അറിയില്ല എന്നും ജവാന്‍ പറഞ്ഞിരുന്നു.കൊടും തണുപ്പില്‍ 11 മണിക്കൂറോളം യാതൊരു ഭക്ഷണവുമില്ലാതെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ടി വരാറുണ്ടെന്നും സര്‍ക്കാര്‍ പട്ടാളക്കാര്‍ക്കായി ആവശ്യത്തിനു ഭക്ഷ്യോല്പന്നങ്ങള്‍ നല്‍കാറുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ ഒന്നും നല്‍കാറില്ലെന്നുമായിരുന്നു തേജ് ബഹദൂറിന്റെ ആരോപണം

ജവാന്റെ ആരോപണത്തെ നിഷേധിച്ച് ബി.എസ്.എഫ് ഉദ്യോഗസ്ഥരും രംഗത്തുവന്നിരുന്നു. തേജ് ബഹദൂര്‍ മദ്യപാനിയാണെന്നും ഇതിനുമുമ്പ് ഒട്ടേറെ തവണ അച്ചടക്ക നടപടി നേരിട്ടയാളാണെന്നും പറഞ്ഞാണ് ബി.എസ്.എഫ് രംഗത്തെത്തിയത്.ഇതിനു പിന്നാലെ വൈകുന്നേരത്തോടെ അദ്ദേഹത്തെക്കുറിച്ച് യാതൊരു വിവരവുമില്ല എന്നാണ് ഭാര്യ പറയുന്നത്.

‘എല്ലാവര്‍ക്കും എന്റെ നമസ്‌കാരം. എനിക്ക് നിങ്ങളോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. തിങ്കളാഴ്ച വൈകുന്നേരം മുതല്‍ എന്റെ ഭര്‍ത്താവിനെക്കുറിച്ച് യാതൊരു വിവരവും ലഭ്യമല്ല. അദ്ദേഹം എവിടെയാണെന്നു പോലും ഞങ്ങള്‍ക്ക് അറിയില്ല. അദ്ദേഹത്തിന്റെ സ്ഥിതി എന്താണെന്നും.’ ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്ത വീഡിയോയില്‍ ജവാന്റെ ഭാര്യപറയുന്നു.തന്റെ ഭര്‍ത്താവ് പറഞ്ഞതെല്ലാം ശരിയാണെന്നും അദ്ദേഹത്തിന് യാതൊരു മാനസിക പ്രശ്നവുമില്ലെന്നും അവര്‍ കൂട്ടിചേര്‍ത്തു.