മോദിക്കെതിരെയുള്ള സഹാറ -ബിര്‍ള കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നും ചീഫ് ജസ്റ്റിസ് പിന്മാറി

single-img
11 January 2017

ദില്ലി: പ്രധാനമന്ത്രി മോദി അടക്കമുള്ളവരുടെ പേരില്‍ ഉണ്ടായിരുന്ന സഹാറ ബിര്‍ള രേഖകളില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ പിന്മാറി. കമ്പനികളില്‍ നിന്ന് കോഴവാങ്ങിയെന്ന് രേഖകളില്‍ പരാമര്‍ശിക്കുന്നവ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രശാന്ത് ഭൂഷനാണ് ഹര്‍ജി നല്‍കിയത്. അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങുന്ന പുതിയ ബെഞ്ചാണ് കേസില്‍ ഇന്ന് വാദം കേള്‍ക്കുക.

കെഹാര്‍ ചീഫ് ജസ്റ്റിസാകുന്നതിന് മുമ്പ് ഹര്‍ജി പരിഗണിച്ചപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുന്നതിന് ആവശ്യമായ തെളിവില്ലെന്ന് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കൂടുതല്‍ രേഖകളടങ്ങുന്ന പുതിയ ഹര്‍ജി പ്രശാന്ത് ഭൂഷണ്‍ സമര്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസാകാനിരിക്കുന്ന ജെ.എസ് കെഹാറിനെ വാദം കേള്‍ക്കുന്നതില്‍ നിന്ന് മാറ്റണമെന്ന് പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടിരുന്നു.
2013-2014 കാലയളവില്‍ സഹാറ, ബിര്‍ള ഓഫീസുകളില്‍ ആദായ നികുതിവകുപ്പ് നടത്തിയ റെയ്ഡുകളില്‍ മോദിയടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയതായി പരാമര്‍ശമുണ്ടായിരുന്നു. ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോദി 25 കോടി രൂപ കൈപ്പറ്റിയെന്ന സഹാറാ ഡയറിയിലെ കണ്ടെത്തല്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്. രേഖകളില്‍ ആം ആദ്മി പാര്‍ട്ടി, ഇടതുപക്ഷ കക്ഷികള്‍ ഒഴികെ ബി.ജെ.പി, കോണ്‍ഗ്രസ്, ജെ.ഡി.യു, ആര്‍.ജെ.ഡി, എസ്.പി, എന്‍.സി.പി, ജാര്‍ഖണ്ഡ് ജനമുക്തി മോര്‍ച്ച (ജെ.എം.എം), ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച (ജെ.വി.എം), തൃണമൂല്‍ കോണ്‍ഗ്രസ്, ബിജുജനതാദള്‍ (ബി.ജെ.ഡി), ശിവസേന, എല്‍.ജെ.പി തുടങ്ങിയ പ്രമുഖ പാര്‍ട്ടികളുടെ നേതാക്കളുടെ പേരുകളെല്ലാം ഉണ്ടായിരുന്നു.

പ്രശാന്ത് ഭൂഷണ്‍ വഴിയാണ് സഹാറ രേഖകള്‍ പുറത്തു വന്നിരുന്നത്. ഇതിന് പിന്നാലെ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ വിഷയം ദല്‍ഹി നിയമസഭയില്‍ ഉന്നയിച്ചിരുന്നു. ഇതിന് ശേഷം രാഹുല്‍ഗാന്ധിയും വിഷയത്തില്‍ അന്വേഷണം വേണമെന്ന് പറഞ്ഞിരുന്നു.