കൊടും തണുപ്പിലും രാജ്യത്തെ സംരക്ഷിക്കുന്ന ഞങ്ങള്‍ക്ക്…നല്ല ഭക്ഷണമില്ല ഒട്ടിയ വയറുമായി കരയാനേ കഴിയൂ..ഇനിയെന്റെ ഗതി എന്താവുമെന്നറിയില്ല.. അധികൃതര്‍ ശക്തരാണ്;ജവാന്റെ വെളിപ്പെടുത്തൽ

single-img
10 January 2017


ന്യൂഡല്‍ഹി/ശ്രീനഗര്‍:ജന്മനാടിന്റെ പച്ചപ്പും ഉറ്റവരും ഉടയവരും ഇല്ലാതെ അതിര്‍ത്തികളില്‍ ഉറങ്ങാതെ രാജ്യത്തിനായ് കാവലിരിക്കുന്ന പട്ടാളക്കാര്‍ക്ക് നല്‍കുന്നത് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണമെന്ന് ബിഎസ്എഫ് ജവാന്റെ വെളിപ്പെടുത്തല്‍. ബിഎസ്എഫ് കോണ്‍സ്റ്റബിള്‍ തേജ് ബഹദൂര്‍ യാദവാണ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സെല്‍ഫി വീഡിയോയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

കഠിനമായ തണുപ്പില്‍ ശരീരം വിറയ്ക്കുമ്പോള്‍ നല്ല ഭക്ഷണം പോലുമില്ലാതെ കഷ്ടപ്പെടുന്ന ജവാന്‍മാരുടെ ജിവിതത്തെയാണ് യാദവ് തന്റ വീഡിയോയിലൂടെ പുറം ലോകത്തെ അറിയിക്കുന്നത്.

” കിട്ടുന്നത് കുറച്ച് ഭക്ഷണം മാത്രം …അതും ഒട്ടും കഴിക്കാന്‍ യോഗ്യമല്ലാത്ത ഭക്ഷണം..പലപ്പോഴും ഒട്ടിയ വയറുമായി തിരിച്ചുപോരേണ്ടി വന്നിട്ടുണ്ട ്”
യാദവ് പറയുന്നത് ഇങ്ങനെയാണ്.ലഭിക്കുന്ന ഭക്ഷണം പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ജവാന്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്. പൊറോട്ടയും ചായയുമാണ് തങ്ങള്‍ക്ക് സ്ഥിരമായി ബ്രേക് ഫാസ്റ്റായി ലഭിക്കാറുള്ളതെന്നും ഇതോടൊപ്പം അച്ചാറോ പച്ചക്കറിയോ ഒന്നും ഉണ്ടാകാറില്ലെന്നും ജവാന്‍ വീഡിയോയില്‍ പറയുന്നു. ഉച്ചക്ക് റൊട്ടിയും മഞ്ഞപ്പൊടിയിട്ട ഒരു പരപ്പുകറിയും ലഭിക്കും. ദിവസവും 11 മണിക്കൂറെങ്കിലും സേവനം ചെയ്യേണ്ടിവരുന്ന തങ്ങള്‍ക്ക് ഈ ഭക്ഷണം കഴിച്ച് എങ്ങനെ മുന്നോട്ട് പോകാനാകുമെന്ന് തേജ് ബഹദൂര്‍ ചോദിക്കുന്നു.

സര്‍ക്കാറിന്റെ കുറ്റമല്ല..സെനിക ഓഫീസര്‍മാരാണ് ഇതിന് ഉത്തരവാദികളെന്നും തേജ് ബഹദൂര്‍ പറഞ്ഞു. തങ്ങളുടെ പ്രശ്നങ്ങള്‍ ആരും കാണുന്നില്ല. ഇത് തങ്ങളോടുള്ള നീതി നിഷേധവും ക്രൂരതയുമാണന്നും ജവാന്‍ കുറ്റപ്പെടുത്തുന്നു.ഈ വീഡിയോ പോസ്റ്റ് ചെയ്ത ശേഷം താന്‍ സൈന്യത്തില്‍ ഉണ്ടാകുമോ എന്ന് പോലും അറിയില്ല. അധികൃതര്‍ അത്രയും ശക്തരാണ്. അവര്‍ക്ക് തന്നെ എന്തും ചെയ്യാന്‍ സാധിക്കും. തനിക്ക് എന്തും സംഭവിക്കാം. നിങ്ങള്‍ ഈ വീഡിയോ പരമവാധി ഷെയര്‍ ചെയ്യണം. – ഇങ്ങനെ പറഞ്ഞുകൊണ്ടാണ് ജവാന്‍ വീഡിയോ അവസാനിപ്പിക്കുന്നത്

വീഡിയോ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായതോടെ ആരോപണങ്ങളെക്കുറിച്ച് അടിയന്തര അന്വേഷണത്തിന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ഉത്തരവിട്ടു.ഭടന്മാരുടെ ക്ഷേമകാര്യത്തില്‍ ശ്രദ്ധിക്കുന്ന സേനാവിഭാഗമാണ് ബി.എസ്.എഫെന്നും വിഷയം അടിയന്തരമായി പരിശോധിക്കാനായി മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ സ്ഥലത്ത് എത്തിയിട്ടുണ്ടെന്നും ബി.എസ്.എഫ് ട്വിറ്ററില്‍ അറിയിച്ചു.

നാല് മിനിറ്റ് ദൈര്‍ഘ്യമുള്ള മൂന്നു വീഡിയോയിലൂടെയാണ് കോണ്‍സ്റ്റബിള്‍ യാദവ് യുദ്ധഭൂമിയിലെ ഭടന്മാരോടുള്ള മോശം പരിചരണത്തെക്കുറിച്ച് വിശദീകരിക്കുന്നത്. 29 ബറ്റാലിയന്റെ ഭാഗമാണ് താനെന്നും വീഡിയോയില്‍ യാദവ് പറയുന്നു. തങ്ങള്‍ക്കായി സര്‍ക്കാര്‍ എല്ലാം വിതരണം ചെയ്യുന്നുണ്ട്. പക്ഷേ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മുഴുവന്‍ കടത്തുകയാണ്. അധികാരികള്‍ക്കെതിരെ ശബ്ദിച്ചാല്‍ തന്റെ ജീവന്‍ പോലും അപകടത്തിലാകും. ഇതേക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി അന്വേഷണം നടത്തണമെന്നും യാദവ് ആവശ്യപ്പെടുന്നു.

രാജ്യത്തിന്റെ കാവല്‍ക്കാര്‍ക്ക് രാജ്യം നല്‍കുന്ന സുരക്ഷയെയാണ് ഇക്കാര്യം ചോദ്യം ചെയ്യുന്നത്.