ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് കെഎസ്‌യുവിന്റേയും എഐഎസ്എഫിന്റേയും നേതൃത്വത്തില്‍ ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ്

single-img
10 January 2017

തൃശൂര്‍: ജിഷ്ണുവിന്റെ മരണത്തില്‍ പ്രതിഷേധിച്ച് ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. കെഎസ്‌യു, എഐഎസ്എഫ് എന്നീ വിദ്യാര്‍ത്ഥി സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. അതേ സമയം പാമ്പാടി നെഹ്‌റു എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥിയായ ജിഷ്ണുവിന്റെ പോസ്റ്റ്‌മോര്‍ട്ടം സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ പൊലീസിന് കൈമാറി.

ജിഷ്ണുവിന്റെ മൂക്കില്‍ പരുക്കേറ്റ പാട് ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ജിഷ്ണുവിന്റേത് തൂങ്ങി മരണം തന്നെയാണെന്നും മൃതദേഹ പരിശോധനയില്‍ മൂക്കിന് പരുക്കേറ്റിട്ടുണ്ട് എന്നും വ്യക്തമാണ്. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ വെച്ചായിരുന്നു പോസ്റ്റ്‌മോര്‍ട്ടം. ജിഷ്ണുവിന് മര്‍ദ്ദനമേറ്റു എന്ന് സഹപാഠികളും ബന്ധുക്കളും ആരോപിച്ചിരുന്നു.

ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ ക്ഷതങ്ങള്‍ ഇല്ല. ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ മൂക്കിലെ പരുക്ക് ഗൗരവമായാണ് പൊലീസ് കാണുന്നത്. ജിഷ്ണുവിന്റെ സഹപാഠികള്‍, ആശുപത്രിയിലെത്തിയവര്‍, അധ്യാപകര്‍, കോളേജ് അധ്യാപകര്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്താനും പൊലീസ് നീക്കമുണ്ട്. അതേ സമയം സാങ്കേതിക സര്‍വ്വകലാശാല സംഘവും യുവജനകമ്മീഷനും ഇന്ന് കോളേജിലെത്തി തെളിവെടുപ്പ് നടത്തും.