2016 ലെ ഏറ്റവും മികച്ച ഫിഫ ഫുട്‌ബോളര്‍ റൊണാള്‍ഡോ, നാലാം തവണയും ഫിഫയുടെ പുരസ്‌കാരം റൊണാള്‍ഡോയ്ക്ക്

single-img
10 January 2017

സൂറിച്ച്: നാലാം തവണയും റൊണാള്‍ഡോയെ തേടി ഫിഫ പുരസ്‌കാരം. 2016 ലെ ഏറ്റവും മികച്ച ഫിഫ ഫുട്‌ബോളറായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പ്രഖ്യാപിച്ചു. സൂറിച്ചില്‍ വെച്ച് നടന്ന ഫിഫ നൈറ്റില്‍ലാണ് മികച്ച താരമായി പോര്‍ച്ചൂഗീസ് താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊയെ പ്രഖ്യാപിച്ചത്. അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രീസ്മാന്‍ എന്നിവരെ പിന്തള്ളിയാണ് 31 കാരനായ റൊണാള്‍ഡോയുടെ നേട്ടം.

അമേരിക്കന്‍ താരം, കാര്‍ലി ലോയ്ഡ് മികച്ച വനിതാ ഫുട്‌ബോളറായും ഫിഫ പ്രഖ്യാപിച്ചു.മികച്ച പരിശീലകനായി ലെയ്സ്റ്റര്‍ കോച്ച് ക്ലൊഡിയോ റാന്നിയേരിയെയും, വനിതാ പരിശീലകയായി ജര്‍മ്മന്‍ കോച്ച് നെയ്ദ് സില്‍വിയെയും ഫിഫ പ്രഖ്യാപിച്ചു. 2016 ല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കപ്പുയര്‍ത്തിയ ലെസ്റ്റര്‍ സിറ്റിയുടെ മുഖ്യ പരിശീലകനാണ് ക്ലൊഡിയോ റാന്നിയേരി, നേരത്തെ, ലോക ഇലവനെ ഫിഫ പ്രഖ്യാപിച്ചിരുന്നു. അര്‍ജന്റീനിയന്‍ താരം, ലയണല്‍ മെസി, ഉറുഗ്വാ താരം ലൂയിസ് സുവാരസ്, പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്നിവര്‍ ഫിഫ ലോക ഇലവനിലെ സ്‌ട്രൈക്കര്‍മാരുടെ നിരയില്‍ ഇടം നേടി.

ജര്‍മ്മന്‍ ഗോള്‍ക്കീപ്പര്‍ മാനുവല്‍ ന്യൂവറാണ് ലോക ഇലവന്‍ നിരയിലേക്ക് ഫിഫ ഗോള്‍വല കാക്കാന്‍ തെരഞ്ഞെടുത്തത്. പ്രതിരോധ നിരയില്‍ ബ്രസീലിയന്‍ താരങ്ങളായ ഡാനി ആല്‍വസ്, മാര്‍സലോ, സ്പാനിഷ് താരങ്ങളായ ജെറാഡ് പിക്വെ, സെര്‍ജിയോ റാമോസ് എന്നിവര്‍ ഇടം കണ്ടെത്തി. ക്രോയേഷ്യന്‍ താരം ലൂക്കാ മോഡ്രിച്ച്, ജര്‍മ്മന്‍ താരം ടോണി ക്രൂസ്, സ്പാനിഷ് താരം ഇനിയേസ്റ്റ് എന്നിവരെ മധ്യനിരയിലേക്ക് ഫിഫ തെരഞ്ഞെടുത്തു.മുന്നേറ്റ നിരയില്‍ നിലവിലെ ശക്തരായ ലയണല്‍ മെസി, ലൂയിസ് സുവാരസ്, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്നീ സൂപ്പര്‍ താരങ്ങളെ ഫിഫ പ്രഖ്യാപിച്ചു

പോര്‍ച്ചുഗലിന് യൂറോ കപ്പും റയലിന് യുവേഫ് ചാമ്പ്യന്‍സ് ലീഗും നേടികൊടുത്ത കളിമികവാണ് ക്രിസ്റ്റ്യാനോയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. പുരസ്‌കാരം നേടാനായതില്‍ ഏറെ സന്തോഷമുണ്ടെന്നും തന്റെ ടീമിലെ സഹതാരങ്ങളോടും പരിശീലകനോടും കുടുംബത്തിനോടും നന്ദി അറിയിക്കുന്നുവെന്നും റൊണാള്‍ഡോ പുരസ്‌കാര നേട്ടത്തിന് ശേഷം പ്രതികരിച്ചു.