സമാജ്‌വാദി പാര്‍ട്ടിയില്‍ മഞ്ഞുരുകി, അഖിലേഷ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്നും പാര്‍ട്ടി ഒറ്റകെട്ടാണെന്നും മുലായംസിംഗ്

single-img
10 January 2017


ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ ഒന്നിച്ച് നീങ്ങാനുള്ള അവസാനവട്ട ശ്രമവും പരാജയപ്പെട്ടിരുന്നെങ്കിലും പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും അഖിലേഷ് യാദവിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ മുലായംസിംഗ് യാദവ്. അഖിലേഷിനും തനിക്കുമിടയില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെയാണ് പാര്‍ട്ടിയില്‍ മഞ്ഞുരുകുന്നതിന്റെ സൂചന നല്‍കുന്ന പ്രസ്താവനയുമായി മുലായം രംഗത്തെത്തുന്നത്.

എന്നാല്‍ അഖിലേഷ്, മുലായം വിഭാഗങ്ങള്‍ പിളര്‍പ്പിന്റെ വക്കിലെത്തിയതോടെയാണു. സഖ്യത്തിനായി കോണ്‍ഗ്രസ് വാതില്‍ തുറന്നിട്ടത്. അതേസമയം, മധ്യസ്ഥ ചര്‍ച്ചകള്‍ ഫലം കാണാത്ത സാഹചര്യത്തില്‍ അഖിലേഷ്, മുലായം വിഭാഗങ്ങള്‍ തിരഞ്ഞെടുപ്പില്‍ വെവ്വേറെ മല്‍സരിച്ചേക്കും എന്ന് കഴിഞ്ഞ ദിവസങ്ങളില്‍ വാര്‍ത്തകള്‍ വന്നിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ അടുത്തദിവസംതന്നെ ആരംഭിക്കുമെന്നും മുലായം വ്യക്തമാക്കി. സംസ്ഥാനത്തിന്റെ ഗുണത്തിനായി പാര്‍ട്ടി ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. പാര്‍ട്ടിയിലെ വിഭാഗീയതയെകുറിച്ച് ചോദ്യങ്ങള്‍ക്കു പ്രസക്തിയില്ല. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍തന്നെ ആരംഭിക്കും. അഖിലേഷാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന കാര്യത്തിലും തര്‍ക്കമില്ല– മുലായം പറഞ്ഞു.

നേരത്തെ, പാര്‍ട്ടിയില്‍ ഉണ്ടായിരിക്കുന്ന സകല പ്രശ്‌നങ്ങള്‍ക്കും കാരണം അഖിലേഷിനൊപ്പമുള്ള രാംഗോപാല്‍ യാദവാണെന്നു പേരെടുത്തു പറയാതെ മുലായം ആരോപിച്ചിരുന്നു. പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ചിഹ്നമായ ‘സൈക്കിളിന്റെ’ കാര്യത്തില്‍ ചില തര്‍ക്കങ്ങളുണ്ടെന്നും അത് ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി