കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് പാക്കിസ്ഥാനെക്കുറിച്ച് മാത്രമാണ് ചിന്തയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍

single-img
10 January 2017

കോഴിക്കോട്: രാജ്യസ്‌നേഹം പ്രകടിപ്പിക്കുന്നവരെ കൊണ്ടു പൊറുതിമുട്ടിയിരിക്കുന്ന അവസ്ഥയണിപ്പോള്‍. രാജ്യസ്‌നേഹം പ്രകടിപ്പിച്ച് ശ്രദ്ധകേന്ദ്രമായിരിക്കുകയാണ് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍. സംവിധായകന്‍ കമലിനോട് പാകിസ്ഥാനില്‍ പോകാന്‍ പറഞ്ഞ് തരംഗം സൃഷ്ടിച്ചതിനിടയില്‍ കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന് പാക്കിസ്ഥാനെക്കുറിച്ച് മാത്രമാണ് ചിന്തയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ പറഞ്ഞു.

എന്നാല്‍ താന്‍ ആരോടും പാക്കിസ്ഥാനില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും രാജ്യത്തിന്റെ ഭരണഘടന അനുശാസിച്ച് ജീവിക്കാന്‍ കഴിയാത്തവര്‍ രാജ്യം വിടണമെന്നാണ് താന്‍ പറഞ്ഞതെന്നും അഭിപ്രായപ്പെട്ടു. ഭരണഘടനയ്ക്ക് വിധേയമായി ജീവിക്കാത്തവര്‍ രാജ്യത്തിന് വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ദേശീയഗാനത്തെ അംഗീകരിക്കാന്‍ കഴിയാത്തവര്‍ ഭരണഘടനയോട് മുഖം തിരിഞ്ഞു നില്‍ക്കുന്നവരാണ്. ഇത്തരക്കാര്‍ രാജ്യംവിടുന്നതാണ് നല്ലതെന്നായിരുന്നു തന്റെ പരാമര്‍ശമെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ രാജ്യം വിടുക എന്നത് പാക്കിസ്ഥാനിലേക്ക് പോകുക മാത്രമാണെന്ന് ചിന്തിക്കുന്നവരാണ് ഇപ്പോള്‍ വിഷയം പെരുപ്പിക്കുന്നത്. കെ. മുരളീധരന്റെ ഫേസ് ബുക്ക് പോസ്റ്റും ഇതാണ് സൂചിപ്പിക്കുന്നത്. മുരളീധരനടക്കമുള്ളവര്‍ക്ക് പാക്കിസ്ഥാനെക്കുറിച്ച് മാത്രമാണ് ചിന്തയുള്ളത്. ഇതിനാലാണ് ഇവര്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ മറ്റു രാജ്യങ്ങളുമുണ്ട്. എന്നാല്‍ പാക്കിസ്ഥാനെ മാത്രമാണ് മറ്റു രാജ്യമായി ഇക്കൂട്ടര്‍ കാണുന്നതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. താന്‍ തിങ്കളാഴ്ച വാര്‍ത്താസമ്മേളനം വിളിച്ചത് കമലിന്റെ വിഷയം പറയാനായിരുന്നില്ല. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് വിഷയം പറയേണ്ടിവന്നതെന്നും രാധാകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.